കെ എസ് എഫ് ഇ 15.07 കോടി രൂപ ഗ്യാരണ്ടി കമ്മീഷൻ നൽകി

Posted on: September 17, 2014

KSFE-Logo-smallകെ എസ് എഫ് ഇ 2014-15 സാമ്പത്തികവർഷത്തേക്കുള്ള ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡുവായ 15.07 കോടി രൂപ സർക്കാരിലേക്കു കൈമാറി. ഈ തുകയ്ക്കുള്ള ചെക്ക് ധനകാര്യമന്ത്രി കെ.എം. മാണിക്കു കെ എസ് എഫ് ഇ ചെയർമാൻ പി.ടി. ജോസ് കോഴിക്കോട് മെഡിക്കൽ കോളജിനടുത്തുള്ള ഹൗസിങ്ങ് ബോർഡ് ഇന്നവേറ്റീവ് സെന്ററിൽ നടന്ന ചടങ്ങിൽ കൈമാറി. കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടർ പി. രാജേന്ദ്രൻ, ഡയറക്ടർ ബോർഡംഗം ശങ്കരൻ മാസ്റ്റർ, ജനറൽ മാനേജർ (ഫിനാൻസ്) എസ്. ഹരി, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഇതോടെ കെ എസ് എഫ് ഇ സംസ്ഥാന സർക്കാരിനു സർവീസ് ചാർജ്ജ്, ഗ്യാരണ്ടി കമ്മീഷൻ, ഡിവിഡൻഡ് എന്നീ ഇനങ്ങളിലായി ഇതുവരെ നൽകിയ തുക 557 കോടി രൂപയായി. ഈ ഗവൺമെന്റിന്റെ കാലഘട്ടത്തിൽ മാത്രം 238.60 കോടി രൂപ ഈ ഇനങ്ങളിൽ ഗവൺമെന്റിനു നൽകാൻ കഴിഞ്ഞു. അതായത് ഈ ഇനങ്ങളിലായി ആകെ നൽകിയതിന്റെ 42.84 ശതമാനം. കെ എസ് എഫ് ഇക്ക് ഇപ്പോൾ 2,424 കോടി രൂപ ട്രഷറി നിക്ഷപമുണ്ട്. കേന്ദ്ര ഗവൺമെന്റിന് ആദായനികുതി ഇനത്തിൽ ഇതുവരെ 521.27 കോടി രൂപ നൽകിയിട്ടുണ്ട്.