വിജയ് മല്യയ്ക്ക് എസ് ബി ഐ നോട്ടീസ്

Posted on: September 10, 2014

Vijay-Mallya-in-kingfisher-

വായ്പാ തിരിച്ചടവിൽ മന:പൂർവം കുടിശിക വരുത്തിയതായി വിജയ് മല്യയ്ക്കും കിംഗ്ഫിഷർ എയർലൈൻസിന്റെ മൂന്നു ഡയറക്ടർമാർക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടീസ് അയച്ചു. 1,600 കോടി രൂപയുടെ വായ്പയാണ് എസ് ബി ഐ കിംഗ് ഫിഷറിനു നൽകിയിട്ടുള്ളത്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് ആഴ്ച മുമ്പ് വിജയ് മല്യയെയും മൂന്നു ഡയറക്ടർമാരെയും മന:പൂർവമുള്ള കുടിശികക്കാരായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മല്യയയും വ്യക്തമാക്കിയിരുന്നു.

എസ് ബി ഐ ഉൾപ്പടെ 17 ബാങ്കുകൾക്കായി 7,600 കോടി രൂപയാണ് വിജയ് മല്യ കുടിശികവരുത്തിയിട്ടുള്ളത്. ബാങ്കുകൾ 2012 ഫെബ്രുവരിയിൽ കുടിശിക തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വിജയ് മല്യ പണയപ്പെടുത്തിയ ഓഹരികൾ വിറ്റ് 2,000 കോടി രൂപ മാത്രമെ തിരിച്ചുപിടിക്കാനായുള്ളു. മറ്റു പണയവസ്തുക്കളായ മുംബൈയിലെ കിംഗ്ഫിഷർ ഹൗസും ഗോവയിലെ കിംഗ്ഫിഷർ വില്ലയും വിൽക്കാനൊരുങ്ങുകയാണ് ബാങ്കുകൾ.

കേരളത്തിൽ നിന്നു ഫെഡറൽ ബാങ്കും കിംഗ്ഫിഷറിന് വായ്പ നൽകിയിട്ടുണ്ട്. 800 കോടി രൂപ തിരിച്ചുകിട്ടാനുള്ള പഞ്ചാബ് നാഷണൽ ബാങ്കും മല്യയെ കുടിശികക്കാരനായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.