ശ്രീലങ്കൻ എയർലൈൻസ് കൊച്ചി സർവീസ് മൂന്ന് മാസത്തേക്ക് റദ്ദാക്കുന്നു

Posted on: August 27, 2016

SriLankan-Airlines-Airbus-A

കൊച്ചി : ശ്രീലങ്കൻ എയർലൈൻസ് കൊളംബോ-കൊച്ചി-കൊളംബോ സർവീസുകൾ മൂന്ന് മാസത്തേക്ക് റദ്ദാക്കുന്നു. കൊളംബോ ഇന്റർനാഷണൽ എയർപോർട്ടിന്റെ നവീകരണ ജോലികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ 2017 ജനുവരി 6 മുതൽ ഏപ്രിൽ 6 വരെയാണ് സർവീസുകൾ താത്കാലികമായി റദ്ദാക്കുന്നതെന്ന് ശ്രീലങ്കൻ എയർവേസ് വക്താവ് അറിയിച്ചു. കൊളംബോയിൽ നിന്നുള്ള ചെന്നൈ, ട്രിച്ചി, ബംഗലുരു സർവീസുകളും റദ്ദാക്കുന്നവയിൽ ഉൾപ്പെടുന്നു.

രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ മെയിന്റനൻസിനായി ഭണ്ഡാരനായകെ ഇന്റർനാഷണൽ എയർപോർട്ടിന്റെ റൺവേ അടച്ചിടുന്നതിനാൽ തിരുവനന്തപുരം, ന്യൂഡൽഹി ഫ്‌ളൈറ്റുകൾ പുതിയ സമയക്രമത്തിൽ സർവീസ് നടത്തും.

രാജ്യാന്തരതലത്തിൽ സിംഗപ്പൂർ, മാലി സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ബീജിംഗ്, ഷാംഗായ്, ബാങ്കോക്ക്, കുലാലംപൂർ, കറാച്ചി, ലണ്ടൻ, ജിദ്ദ സർവീസുകളുടെ സമയക്രമത്തിലും മാറ്റം വരുമെന്ന് ശ്രീലങ്കൻ എയർലൈൻസ് വ്യക്തമാക്കി.