യെസ് ഖുശി അഫോഡബിൾ ഭവന വായ്പയുമായി യെസ് ബാങ്ക്

Posted on: August 18, 2016

YES-Bank-Logo-Big

കൊച്ചി : യെസ് ബാങ്ക് യെസ് ഖുശി – അഫോഡബിൾ ഭവന വായ്പ പദ്ധതി അവതരിപ്പിച്ചു. മെട്രോകളിൽ 50 ലക്ഷം രൂപയും മറ്റു നഗരങ്ങളിൽ 40 ലക്ഷം രൂപയുമാണ് പരമാവധി വായ്പാത്തുക. എങ്കിലും 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിൽ 28 ലക്ഷം രൂപ വരെയും 10 ലക്ഷത്തിൽതാഴെ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ 20 ലക്ഷം രൂപ വരെയുമുള്ള വായ്പകൾ നൽകുന്നതിനാണ് ബാങ്ക് കൂടുതലായും ശ്രദ്ധ നൽകുക. മെട്രോ നഗരങ്ങളിൽ വസ്തുവിന്റെ മൂല്യം 65 ലക്ഷവും മറ്റു നഗരങ്ങളിൽ 50 ലക്ഷം രൂപയുമായിരിക്കണം.

പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി അനുസരിച്ച് യോഗ്യരായ ആളുകൾക്ക് ഭവന വായ്പ സബ്‌സിഡി ലഭ്യമാക്കും. 25 വർഷമാണ് വായ്പയുടെ കാലാവധി. പ്രതിമാസം 9000 രൂപ കുടുംബ വരുമാനമുള്ള വ്യക്തിക്കു വായ്പ ലഭിക്കും. ആദ്യവർഷം 7500 വീടുകൾക്കു വായ്പ നൽകുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2020-ഓടെ ഭവനവായ്പയുടെ എണ്ണം അമ്പതിനായിരത്തിലധികമായി ഉയർത്തുവാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

സ്വന്തമായി വീടു നിർമിക്കാൻ ആഗ്രഹിക്കുന്ന താഴ്ന്ന വരുമാനക്കാർക്ക് ഒരു ലക്ഷം രൂപ മുതൽ വായ്പ ലഭിക്കും. പണി പൂർത്തിയായ വീട്, പണി പൂർത്തിയാകത്ത വീട്, പ്ലോട്ട് വാങ്ങാൻ, സ്വന്തമായി വീടു പണിയുവാൻ, അറ്റകുറ്റപ്പണികൾ, നവീകരണം തുടങ്ങിയവയ്ക്ക് ബാങ്ക് വായ്പ നൽകും.

താഴ്ന്ന വരുമാനക്കാരും ദുർബലവിഭാഗക്കാരുമായവരുടെ പ്രത്യേക ആവശ്യം കണക്കിലെടുത്താണ് യെസ് ഖുശി – അഫോഡബിൾ ഭവന വായ്പ ലഭ്യമാക്കുന്നത്. 2022- ഓടെ എല്ലാവർക്കും വീടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം നിറവേറ്റുന്നതിനായി ഗവൺമെന്റുമായി തങ്ങൾ സഹകരിച്ചു പ്രവർത്തിക്കുകയാണെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റാണാ കപൂർ പറഞ്ഞു.