സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ഔട്ട്‌ലെറ്റുകളുമായി ഫെഡറൽ ബാങ്ക്

Posted on: March 29, 2016

Federal-Bank-Startup-Launch

കൊച്ചി : ഫെഡറൽ ബാങ്ക് സ്റ്റാർട്ടപ്പുകൾക്കായി ലോഞ്ച്പാഡ് എന്ന പേരിൽ പ്രത്യേകം ഔട്ട്‌ലെറ്റുകൾ തുറന്നു. പ്രാരംഭഘട്ടത്തിൽ ബംഗലുരുവിലും കൊച്ചിയിലും തുറക്കുന്ന ലോഞ്ച് പാഡ്, ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസുകൾ, ബയോടെക്‌നോളജി, ഹൈ-ടെക് ഫാമിംഗ്, ഹെൽത്ത്‌കെയർ, ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ്/ ഇ-മാർക്കറ്റുകൾ തുടങ്ങി വിവിധ മേഖലകളിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്ന പുതിയ സംരംഭകർക്ക് വേണ്ടിമാത്രമുള്ള ബാങ്കിംഗ് സർവീസുകൾക്കൊപ്പം വിശാലമായ ഉപദേശസേവനങ്ങളും ലഭ്യമാക്കും. കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ബാങ്കിന്റെ ഈ സംരംഭം.

ഫെഡറൽ ബാങ്കിന്റെ കുണ്ടന്നൂർ ശാഖയോടു ചേർന്നു തുറന്ന കൊച്ചിയിലെ ലോഞ്ച്പാഡ് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാനും മോബ്മി വയർലെസ് സഹസ്ഥാപകനും സിഇഒയുമായ സഞ്ജയ് വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് അഡീഷണൽ ജനറൽ മാനേജരും സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് ആൻഡ് ഒപ്റ്റിമേഷൻ മേധാവിയുമായ കെ.പി. സണ്ണി, സിജിഎമ്മും കേരള നെറ്റ്‌വർക്ക് മേധാവിയുമായ കെ.ഐ വർഗീസ്, ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ. എ. ബാബു, എറണാകുളം സോണൽ മേധാവി എൻ. വി. സണ്ണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സെന്റ് മാർക്‌സ് റോഡിലെ ശാഖയോടു അനുബന്ധിച്ച് ബംഗലുരുവിലെ ഔട്ട്‌ലെറ്റ് ഉടൻതന്നെ പ്രവർത്തനമാരംഭിക്കും.