നൈപുണ്യ മികവിനായി ടിസ്റ്റും ടെക്‌നോലോഡ്ജും ധാരണയിൽ

Posted on: March 9, 2016

TIST-Technolodge-mou-Big

കൊച്ചി : ഗവേഷണവും പ്രവർത്തന മികവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരക്കുന്നത്തെ ടോക് എച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (ടിസ്റ്റ്) പിറവം ടെക്‌നോലോഡ്ജുമായി ധാരണാപത്രം ഒപ്പുവച്ചു. ടിസ്റ്റിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വകുപ്പാണ് ധാരണയിലേർപ്പിട്ടിട്ടുള്ളത്.

ടെക്‌നോലോഡ്ജിന്റെ വാണിജ്യ താത്പര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ധാരണാപത്രം സഹായിക്കും. അതോടൊപ്പം ടിസ്റ്റിലെ കംപ്യൂട്ടർ ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിന്റെ നൈപുണ്യവികസനവും ഗവേഷക മികവും കൂട്ടാനും സാധിക്കും. സംയുക്ത ഗവേഷണ പദ്ധതികൾ, വിദ്യാർത്ഥികൾക്കുളള ഇന്റേൺഷിപ്പ്, തൊഴിലവസരസൃഷ്ടി, സംയുക്ത സെമിനാറുകൾ, ശില്പശാലകൾ എന്നിവയെല്ലാം ധാരണാപത്രത്തിന്റെ ഭാഗമാണ്. അഞ്ച് വർഷമാണ് ധാരണാപത്രത്തിന്റെ കാലാവധി.

പുതു തലമുറ ഐടി പ്രൊഫഷണലുകളെ വളർത്തിയെടുക്കുന്നതിനുളള മികച്ച അവസരമാണ് ധാരണാപത്രം വഴിയുണ്ടാകുന്നതെന്ന് ടിസ്റ്റ് പ്രിൻസിപ്പൽ ഡോ. ഡി.വിൻസന്റ് എച്ച് വിൽസൺ പറഞ്ഞു. ടിസ്റ്റിലെ യുവ സംരംഭകർക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്ന് ടെക്‌നോ ലോഡ്ജ് സിഇഒ രഞ്ജിനി ബ്രൈറ്റ് പറഞ്ഞു.

ടോക് എച് പബ്ലിക് സ്‌കൂൾ സൊസൈറ്റി മാനേജർ ഡോ. കെ. വർഗീസും ടെക്നോ ലോഡ്ജ് സിഇഒ രഞ്ജിനി ബ്രൈറ്റുമാണ് ധാരണാപത്രത്തിൽ ഒപ്പു വച്ചത്. ടോക് എച് പബ്ലിക് സ്‌കൂൾ സൊസൈറ്റി പ്രസിഡന്റ് സി.എസ് വർഗീസ്, ടിസ്റ്റ് പ്രിൻസിപ്പൽ ഡോ. ഡി. വിൻസന്റ് എച്. വിൽസൺ, ശ്രീല ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.