മുത്തൂറ്റ് ഫിനാൻസും അൽ ഫർദാൻ എക്‌സ്‌ചേഞ്ചുമായി വിനിമയ ധാരണ

Posted on: February 26, 2016

Muthoot-Finance-logo-big

കൊച്ചി : യുഎഇയിൽനിന്നു ഇന്ത്യയിലേക്കു തത്സമയം പണമയയ്ക്കാൻ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ് കമ്പനിയായ റോയൽ എക്‌സ്‌ചേഞ്ചും (യുഎസ്എ) യുഎഇയിലെ പ്രമുഖ വിദേശനാണയ വിനിമയ സേവന കമ്പനിയായ അൽ ഫർദാൻ എക്‌സ്‌ചേഞ്ചുമായി കരാർ ഒപ്പു വച്ചു.

ഇതോടെ അൽ ഫർദാൻ എക്‌സ്‌ചേഞ്ചിന്റെ യുഎഇയിലെ 60 ശാഖകളിൽനിന്ന് അത്യാധുനിക റെമിറ്റൻസ് ചാനലായ അഫെക്‌സ് റെമിറ്റ് ഉപയോഗിച്ച് ഇന്ത്യയിലേക്കു പണം അയയ്ക്കാം. അയച്ച പണം അപ്പോൾതന്നെ മുത്തൂറ്റ് ഫിനാൻസിന്റെ ഇന്ത്യയിലെ 4500 ശാഖകളിൽ ഏതെങ്കിലുമൊന്നിൽനിന്നോ റോയൽ എക്‌സ്‌ചേഞ്ചിന്റെ ഇന്ത്യയിലൊട്ടാകെയുള്ള 5,000 ൽപ്പരം ഏജന്റ്, സബ് ഏജന്റ് ശൃംഖലയിൽ നിന്നും പണം സ്വീകരിക്കാം. യുഎഇയിലെ പ്രവാസികൾക്ക് സൗകര്യപ്രദവും സുരക്ഷിതവുമായി ഇന്ത്യയിലേക്ക് പണമയയ്ക്കാൻ അൽ ഫർദാം എക്‌സ്‌ചേഞ്ചുമായുള്ള ഈ പങ്കാളിത്തം സഹായിക്കുമെന്ന് മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജറും റോയൽ എക്‌സ്‌ചേഞ്ച് ഡയറക്ടറുമായ കെ. ആർ. ബിജിമോൻ പറഞ്ഞു.

പതിനായിരത്തിലധികം വരുന്ന പേ-ഔട്ട് ഏജന്റുമാർ വഴി തങ്ങളുടെ ഉപയോക്താക്കൾ സൗകര്യപ്രദവും മൂല്യവത്തുമായ സേവനം നല്കുവാൻ റോയൽ എക്‌സ്‌ചേഞ്ചുമായുള്ള സഹകരണം സഹായിക്കുമെന്ന് അൽ ഫർദാൻ എക്‌സ്‌ചേഞ്ച് സിഇഒ ഒസാമ അൽ റഹ്മ പറഞ്ഞു.