കാലഹരണപ്പെട്ട നിയമങ്ങൾ സംസ്ഥാനം ഉപേക്ഷിക്കണം : ചീഫ് സെക്രട്ടറി

Posted on: January 23, 2016

Machinery-Expo-chief-secretകൊച്ചി : കാലഹരണപ്പെട്ട നിയമങ്ങൾ ഉപേക്ഷിച്ച് കേരളം വ്യാവസായിക സൗഹൃദ സംസ്ഥാനമാകണമെന്നും ലാഭമുണ്ടാക്കുന്നതിനെപ്പറ്റിയുള്ള നിഷേധാത്മക നിലപാട് ജനങ്ങൾ ഉപേക്ഷിക്കണമെന്നും ചീഫ് സെക്രട്ടറി ജിജി തോംസൺ പറഞ്ഞു. വ്യാവസായികവികസനം സംബന്ധിച്ച നിഷേധാത്മകനിലപാടും കേരളീയർ മാറ്റേണ്ടതുണ്ടെന്ന് ബിസിനസ് നടത്തുന്നതിലെ അനായാസം എന്ന വിഷയത്തിൽ കൊച്ചിയിൽ നടന്ന സെമിനാറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

ലാഭം എന്ന വാക്കിനെ നിഷേധപദമായാണ് നമ്മൾ പലപ്പോഴും കണക്കാക്കുന്നതെന്ന് ജിജി തോംസൺ പറഞ്ഞു. ഇതു മാറേണ്ടതുണ്ട്. നടപടിക്രമങ്ങൾ സങ്കീർണമാക്കുകവഴി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സംരംഭകരെ നിരുത്സാഹപ്പെടുത്തുന്നു. നിരന്തരമായ കൂടിയാലോചനകളിലൂടെ കാലഹരണപ്പെട്ട നിയമങ്ങൾ ഉപേക്ഷിക്കുന്നകാര്യം സംസ്ഥാനം പരിഗണിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഐഡിസി), സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ), കോൺഫെഡറേഷൻ ഓഫ ്ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) എന്നിവയുടെ ആഭിമുഖ്യത്തിൽ ജനുവരി 28 ന് ആരംഭിക്കുന്ന സംസ്ഥാനതല മെഷിനറി എക്‌സ്‌പോയ്ക്കു മുന്നോടിയായി വാണിജ്യവ്യവസായ വകുപ്പാണ് സെമിനാർ സംഘടിപ്പിച്ചത്.

പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിൽ നിലനിൽക്കുന്ന തടസങ്ങൾ കുറയ്ക്കുന്നതിനായി വ്യവസായവകുപ്പ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വാണിജ്യവ്യവസായ വകുപ്പ് ഡയറക്ടർ പി. എം. ഫ്രാൻസിസ് പറഞ്ഞു.

വ്യവസായം നടത്തുന്നതിന്റെ സാധ്യതകളുടെ കാര്യത്തിൽ കേരളം ഇന്ത്യൻസംസ്ഥാനങ്ങളിൽ പതിനേഴാം സ്ഥാനത്താണ്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ഈ സ്ഥിതി മെച്ചപ്പെടുത്തേണ്ടതുണ്ട്. ചെറുകിട, ഇടത്തരം വ്യവസായങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് മാറുന്ന പ്രവണത പലപ്പോഴും കണ്ടുവരുന്നു. വ്യാവസായിക സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഫ്രാൻസിസ് പറഞ്ഞു.