കെ എം എ മാനേജ്‌മെന്റ് കൺവൻഷൻ ജനുവരി 21 മുതൽ കൊച്ചിയിൽ

Posted on: December 12, 2015

KMA-Management-Convention-P

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ എം എ) മുപ്പത്തിയഞ്ചാമത് ദേശീയ മാനേജ്‌മെന്റ് കൺവൻഷൻ ജനുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കും. നേഷൻ ഓൺ ദി മൂവ് : ഡൈനാമിക്‌സ് ഫോർ ഗ്രോത്ത് ‘ എന്നതാണ് ഇത്തവണ ചർച്ചാ വിഷയം.

ജനുവരി 21 ന് വൈകുന്നേരം 6.30 ന് ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ ഉദ്ഘാടന ചടങ്ങ് നടക്കും. 22 ന് രാവിലെ മുതൽ സാങ്കേതിക സെഷൻ, പ്രത്യേക സെഷൻ, പാനൽ ചർച്ച എന്നിവ നടക്കും. ആയിരത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ടാറ്റാ സൺസ് ഡയറക്ടറും ടാറ്റാ ഓട്ടോകോംപ് സിസ്റ്റം, ഹണിവെൽ, റാലിസ് ഇന്ത്യ എന്നിവയുടെ ചെയർമാനുമായ ആർ. ഗോപാലകൃഷ്ണൻ മുഖ്യാഥിതിയാകും. ഇൻഡോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടർ ഡോ. റിഷികേശ ടി കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.

ഇന്ത്യ ആഗോള ഡിജിറ്റൽ ശക്തിയാകുമ്പോൾ എന്ന വിഷയത്തിൽ ഐ.ടി, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച് കുര്യൻ ക്ലാസ് നയിക്കും. ഉത്പാദന മേഖലയിൽ ഇന്ത്യയെ ആഗോള നേതൃ ശക്തികേന്ദ്രമാകുമ്പോൾ എന്ന വിഷയത്തിൽ ബി പി സി എൽ ഹ്യൂമൻ റിസോഴ്‌സസ് ഡയറക്ടർ ശ്രീകാന്ത് പി ഗാതൂ, അൾട്രാ ടെക് സിമന്റ് ബിസിനസ് മേധാവിയും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ദിലീപ് ഗൗർ എന്നിവർ സംസാരിക്കും. റെസ്‌പോൺസിബിൾ കാപ്പിറ്റലിസം എന്ന വിഷയത്തിൽ ഡോ. സുബ്രഹ്മണ്യം സ്വാമി പ്രഭാഷണം നടത്തും.

യുവ ഇന്ത്യയുടെ സ്വപ്‌നങ്ങൾ എന്ന പാനൽ ചർച്ചയിൽ ചീഫ് സെക്രട്ടറി ജിജി തോംസൺ മോഡറേറ്ററാകും. ത്രില്ലൊഫീലിയ ഡോട്ട് കോം സ്ഥാപകയും സിഇഒ യുമായ ചിത്ര ഗുർനാനി ദാഗ അടക്കം മൂന്ന് യുവ സി ഇ ഓ മാർ ചർച്ചയിൽ പങ്കെടുക്കും.

22 ന് വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി ജയ്‌റാം രമേശ് മുഖ്യാഥിതിയാകും. ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമൻ മുഖ്യ പ്രഭാഷണം നടത്തും.

കെഎംഎ. പ്രസിഡന്റ് പ്രസാദ് കെ പണിക്കർ, കൺവൻഷൻ കമ്മിറ്റി ചെയർമാൻ മാത്യു ജോസ് ഉറുമ്പത്ത്, കോ ഓർഡിനേറ്റർ സുനിൽ കെ സക്കറിയ, ഓണററി സെക്രട്ടറി സി.എസ്. കർത്ത, എക്‌സിക്യുട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ. കെ.സി. സിറിയക് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.