വിവരസാങ്കേതിക വിസ്മയങ്ങളുമായി ജിടെക്‌സ് 18 മുതൽ

Posted on: October 12, 2015

GITEX-2015-Press-Conference

ദുബായ് : ജിസിസി രാജ്യങ്ങളിലെ ക്ലൗഡ് വിപണി 2020 ൽ 668.5 ദശലക്ഷം ഡോളർ ആകുമെന്ന് വിപണി വിദഗ്ധർ. 2014 ൽ 118.5 മില്യൺ ഡോളറായിരുന്നു വിപണിവ്യാപ്തം. മൊബൈൽ ആപ്പുകൾ, ഇ ഗവേണൻസ്, ഡ്രോൺസ്, 3ഡി പ്രിന്റിംഗ്, റോബോട്ടിക്‌സ് തുടങ്ങിയവയാകും ഭാവിയിൽ നഗരങ്ങളുടെ വളർച്ച നിശ്ചയിക്കുന്ന ഘടകങ്ങൾ. ഈ ദിശയിലുള്ള ചുവടുവെയ്പ്പുകൾക്ക് ഒക്‌ടോബർ 18 മുതൽ 22 വരെ ദുബായിൽ നടക്കുന്ന ജിടെക്‌സ് ടെക്‌നോളിജി വീക്കും വേദിയാകും.

2025 ൽ ആഗോളതലത്തിലുള്ള 26 സ്മാർട്ട്‌സിറ്റികളിൽ പകുതിയും മിഡിൽഈസ്റ്റിലായിരിക്കും. സ്മാർട്ട് സിറ്റികളിലെ വിപണി 3.3 ട്രില്യൺ ഡോളറിന്റെതായിരിക്കും. ഇന്റർനെറ്റ് അധിഷ്ഠിത സാങ്കേതിക മുന്നേറ്റത്തിനുള്ള നിക്ഷേപവും വികസനവുമാണ് മിഡിൽഈസ്റ്റിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാധ്യതകൾ കണക്കിലെടുത്താണ് ആഗോളതലത്തിലുള്ള ചിന്തകരും സാങ്കേതിക ഭീമൻമാരായ കമ്പനികളും ജിടെക്‌സിൽ പങ്കെടുക്കാൻ മുന്നോട്ടു വരുന്നതെന്ന് ജിടെക്‌സ് സംഘാടകരായ ദുബായ് വേൾഡ് ട്രേഡ് സെന്റർ സീനിയർ വൈസ് പ്രസിഡന്റ് ട്രിക്‌സി ലോഹ് മിർമാൻഡ് പറഞ്ഞു.

വരുംതലമുറ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ജിടിഎക്‌സ് ഹൊറൈസൺസ് സോൺ, ജിടിഎക്‌സ് ഇഗ് നൈറ്റ് കോൺഫറൻസ്, ജിടിഎക്‌സ് ഇന്നോവേഷൻ ടെക് ടോക്ക്‌സ് തുടങ്ങി 100 ലേറെ സെഷനുകളും 150 ലേറെ രാജ്യാന്തര സാങ്കേതിക വിദഗ്ധരും ജിടെക്‌സിന്റെ പ്രത്യേകതയാണ്. എസ്‌തോണിയ പ്രധാനമന്ത്രി, ഈജിപ്ത്, കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ഐടി മന്ത്രിമാർ ഫേസ് ബുക്ക്, ബോയിംഗ്, ബിപി, അക്‌സെഞ്ചർ തുടങ്ങിയ കമ്പനികളിലെ സീനിയർ എക്‌സിക്യൂട്ടീവ്‌സ് തുടങ്ങിയവർ ജിടെക്‌സിൽ പങ്കെടുക്കാൻ എത്തിച്ചേരും. 62 ലോകരാജ്യങ്ങളിൽ നിന്നായി 3,600 ലേറെ ബ്രാൻഡുകളും 20,000 ലേറെ സി – ലെവൽ എക്‌സിക്യൂട്ടീവുകളും ജിടെക്‌സിൽ പങ്കാളികളാകും.

ദിമ ഖണ്ഡലാഫത്ത്, ഐഷ ബട്ടി ബിൻ ബിഷർ (അസിസ്റ്റന്റ് ഡയറക് ടർ ജനറൽ ഓഫ് എക്‌സിക്യൂട്ടീവ് ഓഫീസ്, സ്മാർട്ട് ദുബായ് ടാസ്‌ക് ഫോഴ്‌സ് ലീഡർ), അഹമ്മദ് അൽഖാജ (സീനിയർ വൈസ് പ്രസിഡന്റ് വെന്യൂസ് – ദുബായ് വേൾഡ് ട്രേഡ് സെന്റർ), മുഹമ്മദ് ബിൻ അബ്ദുള്ള അൽ അസിറി (സ്‌പോക്ക്‌സ് പേഴ്‌സൺ എൻഐസി , മിനിസ്ട്രി ഓഫ് ഇന്റീരിയർ സൗദി അറേബ്യ), ഹാന്നിസ് ലിബെ (സിഒഒ, സാപ്, മിന), ഒമർ ബൗലോസ് (റീജണൽ എംഡി അക്‌സെഞ്ചർ മിന), ട്രിക്‌സി ലോഹ് മിർമാൻഡ് (സീനിയർ വൈസ് പ്രസിഡന്റ്, ദുബായ് വേൾഡ് ട്രേഡ് സെന്റർ) തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.