ബൈച്യുംഗ് ബുടിയ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ മുത്തൂറ്റ് ഗ്രൂപ്പ് ഔദ്യോഗിക പ്രതിനിധി

Posted on: October 4, 2015

Baichung-Bhutia-Big

കൊച്ചി : ഫുട്‌ബോളിൽ നിഷ്പക്ഷതയും (ഫെയർ പ്ലേ) മൂല്യവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ സഹകരിക്കുന്ന മുത്തൂറ്റ് ഗ്രൂപ്പ് ലീഗിലെ തങ്ങളുടെ ഔദ്യോഗിക പ്രതിനിധിയായി മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈച്യുംഗ് ബുടിയയെ നിയമിച്ചു.

തുടർച്ചയായ രണ്ടാമത്തെ വർഷമാണ് മുത്തൂറ്റ് ഗ്രൂപ്പ് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഓഫീഷ്യൽ റെഫറി ആൻഡ് ഫെയർപ്ലേ സ്‌പോൺസറാകുന്നത്. സുവർണനിറത്തിൽ രൂപകല്പന ചെയ്തിട്ടുളള വിസിലാണ് ഫെയർപ്ലേ അവാർഡ് ട്രോഫിയായി നല്കുന്നത്. ഫുട്‌ബോൾ ഗെയിമിന്റേയും തങ്ങളുടെ ബ്രാൻഡിന്റേയും നിഷ്പക്ഷതയേയും മൂല്യത്തയും പ്രതിനിധീകരിക്കുന്നുവെന്നതാണ് ഫെയർ പ്ലേ അവാർഡ് ട്രോഫിയുടെ പ്രാധാന്യമെന്നു അതു പുറത്തിറക്കിക്കൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ് പറഞ്ഞു.

”ഗെയിമിനപ്പുറത്ത് ദൈനംദിന ജീവിതത്തിലും ഫെയർപ്ലേ എന്ന ആശയത്തിനു നല്ല സാംഗത്യമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. കളിയെന്നതു വിജയിക്കുവാൻ വേണ്ടി മാത്രമല്ല. കളിക്കുമ്പോൾ നിയമത്തിനുളളിൽനിന്നു ഏറ്റവും നല്ല കളി നല്കുകയെന്നതാണ്. കളിയെ ബഹുമാനിക്കുവാൻ ടീമുകളെ പ്രോത്സാഹിപ്പിക്കുയാണ് ഞങ്ങൾ. നല്ലതുപോലെ കളിക്കുക. നിഷ്പക്ഷതയോടെ കളിക്കുക. ഇത് ആ ഗെയിമിന്റെ ആവേശത്തെ നിലനിർത്തും. നിഷ്പക്ഷ കളിയുടെ ബ്രാൻഡ് അംബാസഡർമാരും അഡ്വക്കറ്റുമാരാണ് റഫറിമാർ. സ്‌പോർട്‌സ്മാൻഷിപ്പിന്റെ കാതലും ഇതാണ്” ഫെയർ പ്ലേ അവാർഡ് ട്രോഫി പുറത്തിറക്കുന്ന ചടങ്ങിൽ ബൈച്യുംഗ് ബുടിയ പറഞ്ഞു.

പതിനൊന്നാഴ്ച നീളുന്ന ഫുട്‌ബോൾ ലീഗ് ഒക്‌ടോബർ മൂന്നിന് ആരംഭിച്ച് ഡിസംബർ 20-ന് അവസാനിക്കും. രാജ്യത്തെ എട്ടു നഗരങ്ങളിലായി എട്ടു ഇന്ത്യൻ ടീമുകൾ 61 മത്സരങ്ങൾ കളിക്കും.