സിസിഎസ്‌സിഎച്ച് രാജ്യാന്തര സമ്മേളനം ഗോവയിൽ

Posted on: September 12, 2015

Spices-Board-Logo-s

കൊച്ചി : കോഡക്‌സ് കമ്മിറ്റി ഓൺ സ്‌പൈസസ് ആൻഡ് ക്യൂലിനിയറി ഹെർബ്‌സ് (സി.സി.എസ്.സി.എച്ച്) സമ്മേളനം സെപ്റ്റംബർ 14 മുതൽ 18 വരെ ഗോവയിൽ നടക്കും. സ്‌പൈസസ് ബോർഡാണ് ആതിഥേയർ. ഭക്ഷണാവശ്യങ്ങൾക്കും മറ്റുമുള്ള പത്തു സുഗന്ധദ്രവ്യങ്ങളുടെ ഗുണനിലവാരത്തിന് മാനദണ്ഡം സമ്മേളനത്തിൽ നിശ്ചയിക്കും. ഇവയുടെ വില, വ്യാപാരം എന്നിവ സംബന്ധിച്ചുള്ള ചർച്ചകളും സമ്മേളനത്തിൽ നടക്കും. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിലവാര നിർണയ അതോറിറ്റി ചെയർമാൻ ആശിഷ് ബഹുഗുണ ഐഎഎസ് സെപ്റ്റംബർ 14ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.

വറ്റൽമുളക്, ഇഞ്ചി(രണ്ടിനം), വെളുത്തുള്ളി, തുളസി, മല്ലി, ജാതി, ഗ്രാമ്പൂ, കുങ്കുമപ്പൂ, പാപ്രിക (ഒരു തരം കാപ്‌സിക്കത്തിന്റെ കുരു) എന്നിവയുടെ ഗുണനിലവാരമാണ് നിശ്ചയിക്കപ്പെടുക. 36 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ദ്ധരടങ്ങിയ 120 പ്രതിനിധികളും മൂന്ന് നിരീക്ഷണ സംഘടനകളും സമ്മേളനത്തിൽ പങ്കെടുക്കും.

സുഗന്ധദ്രവ്യങ്ങൾക്കും പാചകാവശ്യങ്ങൾക്കുപയോഗിക്കുന്ന ഔഷധച്ചെടികൾക്കുമുള്ള ഗുണനിലവാരത്തിന് ആഗോള മാനദണ്ഡങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിസിഎസ്‌സിഎച്ച് മുഖേന സ്‌പൈസസ് ബോർഡ് മുതിരുന്നതെന്ന് ഈ കമ്മിറ്റിയുടെ കോർഡിനേറ്ററും സ്‌പൈസസ് ബോർഡ് മാനേജിംഗ് ഡയറക്ടറുമായ ഡോ. എ. ജയതിലക് ഐഎഎസ്അറിയിച്ചു.