പണമയക്കൽ ഫെഡറൽ ബാങ്കും മുത്തൂറ്റും ധാരണയിൽ

Posted on: November 24, 2013

Federal-Bank_logoയുകെയിൽ നിന്നും രൂപയായി പണമയക്കുന്നതിന് റുപ്പി ഡ്രോയിംഗ് അറേഞ്ച്‌മെന്റ് പ്രകാരം ഫെഡറൽ ബാങ്കും മുത്തൂറ്റ് ഗ്ലോബൽ മണി ട്രാൻസ്ഫറും ധാരണ പത്രത്തിൽ ഒപ്പുവച്ചു.

എറണാകുളം മറൈൻഡ്രൈവിലുള്ള ഫെഡറൽ ടവറിൽ ഫെഡറൽ ബാങ്കിന്റെ റീടെയിൽ ആന്റ് ഇന്റർ നാഷ്ണൽ ബിസിനസ് ജനറൽ മാനേജർ എ സുരേന്ദ്രനും മുത്തൂറ്റ് ഗ്രൂപ്പ് ലീഗൽ കോർപ്പറേറ്റ് അഫയേഴ്‌സ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജോർജ്ജ് എം ജേക്കബും ഇതു സംബന്ധിച്ച ധാരണ പത്രം കൈമാറി.

യു കെയിൽ നിന്നുള്ള പുതിയ റെമിറ്റൻസ് രീതി പരമ്പരാഗത സംവിധാനത്തേക്കാൾ കൂടുതൽ ചിലവ് കുറഞ്ഞതും വേഗത ഏറിയതുമാണ്. പുതിയ ക്രമീകരണത്തിൽ യുകെയിൽ നിന്നും അയക്കുന്ന പണം ഫെഡറൽ ബാങ്കിന്റെ 1100 ലേറെ വരുന്ന ബ്രാഞ്ചുകളിലുള്ള അക്കൗണ്ടിൽ തൽക്ഷണവും മറ്റ് ബാങ്ക് അക്കൗണ്ടുകളിൽ നെഫ്റ്റ് വഴി രണ്ടു മണിക്കൂറിനുള്ളിലും വരവ് വയ്ക്കുന്നു. യു കെയിലുള്ള 25000 ൽ അധികം വരുന്ന ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ഇതിന്റെ ഗുണം ലഭിക്കും. മുത്തൂറ്റ് ഗ്ലോബൽ മണി ട്രാൻസ്ഫറിന് മൂന്നു ബ്രാഞ്ചുകളും 10000 ലേറെ രജിസ്റ്റർ ചെയ്ത ഇടപാടുകാരും യു കെയിലുണ്ട്. അവർക്ക് ഓൺലൈൻ ആയി മണി ട്രാൻസ്ഫർ നടത്താനാകും. രജിസ്റ്റർ ചെയ്യാത്തവർക്ക് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാവുന്നതും അല്ലെങ്കിൽ ഒറ്റത്തവണ ബ്രാഞ്ച് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതുമാണ്.

തൽക്ഷണം തുക ലഭിക്കുമെന്നു മാത്രമല്ല, അക്കൗണ്ട് ഉടമയ്ക്ക് എസ്എംഎസ് അലർട്ട് ലഭിക്കും എന്നതുകൂടി പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്.