സ്‌പൈസസ് ബോർഡ് സിഗ്നേച്ചർ ഷോപ്പുകൾ തുറന്നു

Posted on: June 18, 2015

Spices-Board-Signature-shopകൊച്ചി: സുഗന്ധവ്യഞ്ജനങ്ങളും മൂല്യവർധിത ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തി സ്‌പൈസസ് ബോർഡ് സിഗ്നേച്ചർ ഷോപ്പുകൾ തുറന്നു. ഇതിന്റെ ഭാഗമായി സ്‌പൈസസ് ഇന്ത്യ ബ്രാൻഡിൽ രണ്ട് ഷോറൂമുകൾ ന്യൂഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു. സുഗന്ധവ്യഞ്ജനങ്ങൾക്കു പുറമെ സുഗന്ധദ്രവ്യങ്ങൾ ചേർത്ത ചോക്ലേറ്റ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, സോപ്പ്, ഷാംപൂ തുടങ്ങിയവയും ഷോറൂമുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

വെസ്റ്റ് ഡൽഹി ജനക്പുരിയിലെ ദില്ലി ഹട്ട് പ്ലാസയിലേയും ജൻപഥ് റോഡിലേയും ഷോപ്പുകൾ കേന്ദ്ര വാണിജ്യ സെക്രട്ടറി രാജീവ് ഖേർ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ച് അറിവു പകരുന്ന കിയോസ്‌കുകൾ ഓരോ ഔട്ട്‌ലെറ്റിലും സ്ഥാപിക്കാമെന്ന ആശയവും അദ്ദേഹം മുന്നോട്ടു വച്ചു.

Spices-House-boat-big

മുളക്, ജീരകം, കറുവപ്പട്ട, ഏലം, ഗ്രാംപൂ എന്നീ രുചികളിലെത്തുന്ന ചോക്ലേറ്റ് ബാറുകളാണ് സ്‌പൈസസ് ഇന്ത്യ ഷോറൂമിലെ ഏറ്റവും ശ്രദ്ധയമായ വിപണനവസ്തു. ജാതി, ഗ്രാമ്പൂ, ഏലം, പുതിന, വാനില, കറുവപ്പട്ട എന്നിവയുടെ സുഗന്ധമുള്ള മെഴുകുതിരികളാണ് മറ്റൊരു പ്രധാന ഉത്പന്നം. സുഗന്ധവ്യഞ്ജനങ്ങളുടേയും അവയിൽ നിന്നു വേർതിരിച്ചെടുക്കുന്ന സത്തിന്റേയും പ്രത്യേക ശേഖരവും ഗിഫ്റ്റ് ബോക്‌സുകളും ഷോറൂമിൽ ലഭ്യമാണ്.

വിപണിയിൽ സ്ഥിരത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പൈസസ് ഇന്ത്യ ഷോറൂമുകൾ ആരംഭിക്കുന്നതെന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ എ ജയതിലക് പറഞ്ഞു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ ഔട്ട്‌ലെറ്റുകൾ തുടങ്ങുന്നതിന് സംസ്ഥാന സർക്കാരുകളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ഡോ ജയതിലക് പറഞ്ഞു.