പി. നന്ദകുമാരൻ അറ്റ്‌ലസ് ജുവല്ലറി എംഡി

Posted on: June 3, 2015

SBT-P.-Nanda-Kumaran-big

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മുൻ എംഡി പി. നന്ദകുമാരൻ അറ്റ്‌ലസ് ജുവല്ലറി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ജൂൺ 10 ന് ചുമതലയേൽക്കും. കയറ്റുമതി വർധനയിലൂടെയും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഷോറൂമുകൾ ആരംഭിച്ചും വൻ ബിസിനസ് മുന്നേറ്റത്തിനു കമ്പനി തയാറെടുക്കുകയാണെന്ന് കമ്പനി ചെയർമാൻ എം. എം. രാമചന്ദ്രൻ പറഞ്ഞു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനി കഴിഞ്ഞ ധനകാര്യവർഷം 190.17 കോടി രൂപയുടെ വിറ്റുവരവു നേടി. ലാഭം 3.17 കോടി രൂപയായി ഉയർന്നു. നവി മുംബൈയിലെ വാഷിയിലും ബംഗലൂരുവിലെ ഫിനിക്‌സ് മാർക്കറ്റ് സിറ്റിയിലും കഴിഞ്ഞ ഡിസംബറിൽ ഷോറൂമുകൾ ആരംഭിച്ചു. ബംഗലൂരുവിലെ രണ്ടാമത്തെ ഷോറൂം ഉടൻ ആരംഭിക്കും. ചെന്നെയിൽ ടി നഗറിലും മുംബൈ താനെയിലും ഷോറൂമുകളുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാലു വർഷത്തിനകം 100 ഷോറൂമുകൾ എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചുവരുന്നതെന്ന് രാമചന്ദ്രൻ വ്യക്തമാക്കി.

ജിഇഇ-ഇഐ വൂളൻസ് കമ്പനി ഏറ്റെടുത്ത് അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യ ലിമിറ്റഡ് എന്നു പേരു മാറ്റുകയായിരുന്നു. ഏറ്റെടുത്ത കമ്പനിയിൽ 2014 ജൂണോടെ രാമചന്ദ്രൻ 100 കോടി രൂപകൂടി മുതൽമുടക്കി. സ്വതന്ത്ര ഡയറക്ടർമാരായി സുനിൽ പന്ത്, സുപ്രതിക് ചാറ്റർജി, ശ്രീരംഗ് വസന്ത് ഖഡിൽക്കർ എന്നിവരെയും ബോർഡിൽ നിയമിച്ചു.