ആരെന്‍ഖിന്റെ സഹകരണം ; കേരള സര്‍ക്കാരിന്റെ 30 ഇ-ഓട്ടോകള്‍ മധ്യപ്രദേശിലേക്ക് പുറപ്പെട്ടു

Posted on: August 7, 2023

തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎല്ലില്‍ നിന്നും 30 ഇലക്ട്രിക് ഓട്ടോകള്‍ മധ്യപ്രദേശില്‍ വിതരണത്തിനായി പുറപ്പെട്ടു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ ആരെന്‍ഖാണ് ഓട്ടോകള്‍ മധ്യപ്രദേശില്‍ വിതരണം ചെയ്യുന്നതും. ഇന്ത്യയിലുടനീളം കെഎഎല്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ വിതരണവും ആരെന്‍ഖിനാണ്. ഇലക്ട്രിക് ഓട്ടോകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ബാറ്ററികള്‍, മോട്ടോര്‍, മോട്ടോര്‍ കണ്‍ട്രോളറുകള്‍ എന്നിവ ആരെന്‍ഖ് ആണ് കെഎഎല്ലിന് നല്‍കുന്നത്. ആരെന്‍ഖ് തന്നെയാണ് വാഹനങ്ങള്‍ക്ക് സര്‍വീസും നല്‍കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പാണ് മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി 100 ഓട്ടോകളുടെ ഓര്‍ഡര്‍ ആരെന്‍ഖ് കെഎഎല്ലിന് നല്‍കിയത്. അതില്‍ മധ്യപ്രദേശിലേക്കുള്ള ആദ്യ വാഹനങ്ങളുടെ ലോഡാണ് ഇപ്പോള്‍ പുറപ്പെട്ടിരിക്കുന്നത്. പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ഇലട്രിക് ഓട്ടോകളുടെ വിതരണം ആരംഭിക്കുമെന്ന് ആരെന്‍ഖ് മാര്‍ക്കറ്റിംഗ് ഹെഡ് മനോജ് സുന്ദരം പറഞ്ഞു.

ശ്രീലങ്ക, നേപ്പാള്‍, മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളിലും കൂടാതെ ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ വാഹനങ്ങള്‍ക്ക് നല്ല പേരുണ്ടായിരുന്നത് ഇടയ്ക്ക് സംഭവിച്ച ചില കെടുകാര്യസ്ഥതയില്‍ മങ്ങല്‍ ഏറ്റിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെന്‍ഖ് പോലുള്ള ഒരു കമ്പനിയുമായുള്ള സഹകരണം ദേശീയ- അന്തര്‍ദേശീയ തലത്തിലേക്ക് കെഎഎല്ലിനെ വീണ്ടും എത്തിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തലെന്ന് കെഎഎല്‍ ചെയര്‍മാന്‍ പുല്ലുവിള സ്റ്റാന്‍ലി പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹന വിപണയില്‍ വലിയ മാറ്റം കൊണ്ടുവരുന്നതിനായി ആരെന്‍ഖിന്റെ മാതൃ കമ്പനിയായ സണ്‍ലിറ്റ് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് 100 കോടി രൂപയുടെ ബാറ്ററി നിര്‍മ്മാണ ഫാക്ടറിയാണ് പൂനെയില്‍ ഉടന്‍ ആരംഭിക്കുന്നത്.