‘കെഎസിവി കളരി അക്കാദമി’ സഹകരണമന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു

Posted on: June 1, 2023

തിരുവനന്തപുരം : കലയും ആയോധനവും സ്വയം പ്രതിരോധവും മാനസിക ശാരീരികവികാസവും സമന്വയിക്കുന്ന കളരി ശാസ്ത്രീയമായി അഭ്യസിക്കാന്‍ തെക്കന്‍ കേരളത്തിലുള്ളവര്‍ക്കു കൈവന്നിരിക്കുന്ന മികച്ച സൗകര്യമാണ് കെഎസിവി കളരി അക്കാദമിയെന്ന് സഹകരണമന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. കേരള ടൂറിസം വകുപ്പിനുകീഴില്‍ തിരുവനന്തപുരം വെള്ളാറില്‍ പ്രവര്‍ത്തിക്കുന്ന കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ സ്ഥാപിച്ച ‘കെഎസിവി കളരി അക്കാദമി’യുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക ആയിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതു തുടങ്ങിയിരിക്കുന്നത് എന്നതിനാല്‍ ഇത് ഉന്നതിയിലേക്കു പുരോഗമിക്കുമെന്ന് ഉറപ്പാണ്. കളരിപാരമ്പര്യത്തിലെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയുടെ പിന്മുറക്കാരിയായ പദ്മശ്രീ മീനാക്ഷിയമ്മയാണ് അക്കാദമിയുടെ മേധാവി എന്നത് കൂടുതല്‍ പെണ്‍കുട്ടിലെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം ഡയറക്റ്റര്‍ പി. ബി. നൂഹിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേരളകലാമണ്ഡലം ചാന്‍സെലര്‍ മല്ലിക സാരാഭായി കളരി അക്കാദമിയുടെ വെബ്സൈറ്റും വൈസ് ചാന്‍സെലര്‍ ഡോ. എം. വി. നാരായണന്‍ തീം വീഡിയോയും പ്രകാശനം ചെയ്തു.

കേരള കലാമണ്ഡലവും സ്വന്തം നേതൃത്വത്തില്‍ അഹമ്മദബാദിലുള്ള ദര്‍പ്പണയും കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജുമായി സഹകരിക്കാനുള്ള സാദ്ധ്യതകള്‍ ഗൗരവമായി ആലോചിച്ചു വരികയാണെന്ന് മുഖ്യപ്രഭാഷണം ചെയ്ത കേരള കലാമണ്ഡലം ചാന്‍സെലര്‍ മല്ലിക സാരാഭായി പറഞ്ഞു. കലയെയും കളരിയെയും കരകൗശലത്തെയും പ്രോത്സാഹിപ്പിക്കാന്‍ ഒരു തൊഴിലാളിസംഘം മുന്നോട്ടുവന്നതിനെയും കരകൗശലമേഖലയെ സംരക്ഷിക്കാനും തൊഴില്‍ സൃഷ്ടിക്കാനും ഇത്തരത്തിലൊരു സംരംഭം വിഭാവനം ചെയ്ത ടൂറിസം വകുപ്പിന്റെ ദര്‍ശനത്തെയും അവര്‍ അഭിനന്ദിച്ചു.

കളരിയോധാക്കള്‍ ആയിരുന്നു ആദ്യത്തെ കഥകളിനടന്മാരെന്നും അവിടെ തുടങ്ങിയ ആ പരസ്പരബന്ധം കഥകളിയുടെ അനുഷ്ഠാനങ്ങളില്‍ കാണാമെന്നും ചൂണ്ടിക്കാട്ടിയ കലാനിരൂപകന്‍ കൂടിയായ എം. വി. നാരായണന്‍ ആ ബന്ധം കലാമണ്ഡലവും ക്രാഫ്റ്റ് വില്ലേജും തമ്മില്‍ വളര്‍ത്തിയെടുക്കുമെന്ന് അഭിപ്രായപ്പെട്ടു.

പദ്മശ്രീജേത്രിയായ കളരിവിദഗ്ദ്ധയും കെഎസിവി കളരി അക്കാദമി മേധാവിയുമായ മീനാക്ഷിയമ്മ, ചലച്ചിത്രതാരങ്ങളായ അനാര്‍ക്കലി മരിക്കാര്‍, റോഷന്‍ മാത്യു, കൂടിയാട്ടം കലാകാരി കപില വേണു എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. എസ്. ശ്രീകുമാര്‍, വാര്‍ഡ് അംഗം വി. എസ്. അഷ്ടപാലന്‍, സ്റ്റേറ്റ് റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, കെറ്റിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യൂ സോമതീരം, ഡിറ്റിപിസി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍, ട്രാവെല്‍ പ്ലാനേഴ്‌സ് സിഇഒ പി. കെ. ബി. അനീഷ് കുമാര്‍, സൊസൈറ്റി എംഡി എസ്. ഷാജു, ക്രാഫ്റ്റ്‌സ് വില്ലേജ് സിഒഒ റ്റി. യു. ശ്രീപ്രസാദ് എന്നിവര്‍ ആശംസ നേര്‍ന്നു. കെഎസിവി കളരി അക്കാദമിയുടെ സങ്കല്പനം ഡോ. സന്ദേശ് ഇ. പി. എ. അവതരിപ്പിച്ചു. ടൂറിസം വകുപ്പിനുവേണ്ടി കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജും കളരി അക്കാദമിയും നിര്‍മ്മിച്ചു നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപഹാരങ്ങള്‍ എംഡി അതിഥികള്‍ക്കു സമ്മാനിച്ചു.

തുടര്‍ന്ന് മീനാക്ഷിയമ്മയുടെ നേതൃത്വത്തില്‍ കളരിയഭ്യാസപ്രകടനങ്ങള്‍ നടന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കേരളീയകലകള്‍ അവതരിപ്പിച്ച ‘ആട്ടച്ചുവട്’ എന്ന 14 ദിവസത്തെ ചലനകലാമേളയും സംഘടിപ്പിച്ചിരുന്നു. തെയ്യം, പടയണി, മുടിയേറ്റ്, പരിചമുട്ടുകളി, പൂരക്കളി, വേലകളി, നായാടിക്കളി, പൂതനും തിറയും, കോല്‍ക്കളി, കഥകളി, നങ്ങ്യാര്‍കൂത്ത്, മര്‍ഗ്ഗംകളി, ചവിട്ടുനാടകം, കോണ്‍ടെമ്പററി ഡാന്‍സ് തുടങ്ങിയവയാണ് അവതരിപ്പിച്ചത്.