സ്വന്തം പ്ലാറ്റ്‌ഫോമിലേക്ക് റെസോയ്

Posted on: April 4, 2022

കൊച്ചി: ഹോട്ടലുടമകളുടെ സംഘടനയായ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ (കെ.എച്ച്.ആര്‍.എ.) ഭക്ഷണവിതരണ മൊബൈല്‍ ആപ്ലിക്കേഷനായ റെസോയ് സ്വന്തം പ്ലാറ്റ്‌ഫോമിലേക്ക്. നിലവില്‍ താത്കാലിക പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. മേയ് മാസത്തോടെ പുതുക്കിയ ആപ്പ് അവതരിപ്പിക്കും.

സ്വന്തം പ്ലാറ്റ്‌ഫോമില്‍ എത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും സേവനം ലഭ്യമാക്കാനും റെസോയ്ക്ക് പദ്ധതിയുണ്ട്. നിലവില്‍ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ നഗര പ്രദേശങ്ങളിലാണ് ആപ്പിന്റെ സേവനം ലഭിക്കുന്നത്.

നിരവധി സവിശേഷതകളുമായാണ് പുതുക്കിയ ആപ്പ് എത്തുന്നത്. സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും ആപ്പില്‍ ഉള്‍ക്കൊള്ളിക്കും. ഉപഭോക്താവ് നില്‍ക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ഹോട്ടല്‍/ റസ്റ്റോറന്റിന്റെ എല്ലാ വിവരങ്ങളും ആപ്പില്‍ ലഭിക്കും. കൂടാതെ, ആപ്പ് വഴി ഓഡര്‍ ചെയ്ത് ഹോട്ടലില്‍ ചെന്ന് നേരിട്ട് വാങ്ങുക, ഹോട്ടലില്‍ നിന്ന് നേരിട്ട് ഡെലിവറി നടത്തുക തുടങ്ങിയ സേവനങ്ങളും കൂട്ടിച്ചേര്‍ക്കുന്നുണ്ടെന്ന് റെസോയ് സി.ഇ.ഒ. മുഹമ്മദ് മുസ്തഫ പറഞ്ഞു.

മറ്റ് ഭക്ഷണവിതരണ ആപ്പുകളെപ്പോലെ കമ്മിഷന്‍ പോലുള്ള അധികചാര്‍ജുകള്‍ ഒന്നും ഈടാക്കാതെയാണ് റസോയ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, റെസ്റ്റോറന്റുകളിലെ അതേ വിലയ്ക്കുതന്നെ ഉപഭോക്താവിന് ഭക്ഷണം ഓണ്‍ലൈനായി വാങ്ങാനാകും. പുതിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷണ വിതരണത്തിനായി കൂടുതല്‍പേരെ കൂട്ടിച്ചേര്‍ക്കാനും റെസോയ്ക്ക് പദ്ധതിയുണ്ട്. നിലവില്‍ മൂന്ന് ജില്ലകളിലായി 27,000-ന് മുകളില്‍ സ്ഥിരം ഉപഭോക്താക്കള്‍ റെസോയ്ക്കുണ്ട്.

TAGS: Rezoy |