സീതാറാം ആയുര്‍വേദ നൂറാം വാര്‍ഷികാഘോഷം നാളെ

Posted on: November 13, 2021

തൃശൂര്‍ : സീതാറാം ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡിന്റെ നൂറാം വാര്‍ഷികാഘോഷം നാളെ ഉച്ചയ്ക്ക് രണ്ടിന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ടി.എന്‍. പ്രതാപന്‍ എംപി അധ്യക്ഷത വഹിക്കും. സീതാറാം ആയുര്‍വേദയുടെ ആയുഷ്ടലാബ് ആസാം മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വഉദ്ഘാടനം ചെയ്യും. ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോടെച്ചാ വെബ്‌സ്‌പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യും.

ആയുര്‍വേദ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ഡോ.ഗുര്‍ദീപ് സിംഗിന് ആയുര്‍രത്‌ന പുരസ്‌കാരവും ഡോ.എല്‍. മഹാദേവന് അപൂര്‍വ വൈദ്യ പുരസ്‌കാരവും നല്‍കും. ടൂറിസം പ്രമോട്ടര്‍മാര്‍ക്കു ചടങ്ങില്‍ അവാര്‍ഡ് നല്‍കും. ആഘോഷപരിപാടികള്‍ക്കു മുന്നോടിയായി ഇന്നു വൈകുന്നേരം അഞ്ചിനുള്ള ടെക്‌നിക്കല്‍ സെഷന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

പി.ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഡയറക്ടര്‍ ഡോ. തനുജ നെസരി, സീതാറാം ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഡി. രാമനാഥന്‍, ഡയറക്ടര്‍ വിഗ്‌നേഷ്‌ദേവരാജ് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്നു സെമിനാറുകള്‍ നടക്കും.