ആയുര്‍വേദ മരുന്നിന് ക്ലിനിക്കല്‍ ട്രയല്‍ നടത്തി സീതാറാം ആയുര്‍വേദ

Posted on: June 27, 2019

കൊച്ചി : ആയുര്‍വേദ മരുന്നില്‍ ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി തൃശൂര്‍ സീതാറാം ആയുര്‍വേദ. മനുഷ്യ ശരീരത്തില്‍ മരുന്നുകളുണ്ടാക്കുന്ന ഫലം ശാസ്ത്രീയ മാനദണ്ഡങ്ങളനുസരിച്ചു തെളിയിക്കുന്നതാണു ക്ലിനിക്കല്‍ ട്രയല്‍.

ഫെയര്‍ ഫൂട്ട് ഓയിന്റ്‌മെന്റിനാണു കേരളത്തില്‍ ആദ്യമായി ക്ലിനിക്കല്‍ ട്രയല്‍ നടത്തി, 99.1% വിജയസാധ്യത തെളിയിച്ചത്. പാദത്തിലുണ്ടാകുന്ന വിണ്ടുകീറല്‍, വരള്‍ച്ച, വേദന, ചൊറിച്ചില്‍, സ്‌കെയിലിംഗ്, റിംഗ് ഗ്ലിംഗ് എന്നിവയ്ക്ക് ഫെയര്‍ ഫൂട്ട് ഓയിന്റ്‌മെന്റ് ഫലപ്രദമാണെന്നു തെളിഞ്ഞിരിക്കുകയാണ്. ആയുര്‍വേദ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പുമായി സഹകരിച്ച് കോട്ടയ്ക്കല്‍ വിപിഎസ് വി കോളജിലാണു പഠനം നടത്തിയത്.

ചൈനീസ് ആയുര്‍വേദ ഔഷധങ്ങളുടെ വിദേശ വിപണി ഒരു ലക്ഷം കോടി രൂപയുടേതാണ്. ഇന്ത്യയുടേത് 5000 കോടി രൂപയ്ക്ക് താഴെയും. ശാസ്ത്രീയവശം ക്ലിനിക്കല്‍ ട്രയലില്‍ തെളിയിക്കുന്നതിലൂടെ കൂടുതല്‍ വിദേശ വിപണി കണ്ടെത്താന്‍ കഴിയുമെന്ന് സീതാറാം ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് ഫിസിഷ്യന്‍ ഡോ. ഡി. രാമനാഥന്‍ പറഞ്ഞു.