യുഎസ് ടി ബ്ലൂകോഞ്ച് ടെക്‌നോളജീസിന് പുതിയ ഡെലിവറി സെന്റര്‍

Posted on: April 1, 2021

തിരുവനന്തപുരം : പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടിയുടെ പ്രൊഡക്റ്റ്, പ്ലാറ്റ്‌ഫോം എഞ്ചിനീയറിംഗ് സേവന വിഭാഗമായ ബ്ലൂകോഞ്ച് ടെക്‌നോളജീസ് അഹമ്മദാബാദില്‍ പുതിയ ഡെലിവറി സെന്ററിന് തുടക്കം കുറിച്ചു. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗ്ലോബല്‍ ഡെലിവറി സെന്ററുകളുടെയും പൂനയിലെ ഹബിന്റെയും വിപുലീകരണമാണ് നടന്നത്. ഉപയോക്താക്കളുടെ വര്‍ധിച്ചുവരുന്ന പ്രൊഡക്റ്റ്, പ്ലാറ്റ്‌ഫോം എഞ്ചിനീയറിംഗ് സേവന ആവശ്യങ്ങള്‍ അതിവേഗത്തിലും കാര്യക്ഷമമായും നിറവേറ്റാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

നഗരകേന്ദ്രത്തില്‍, ലോകോത്തര സൗകര്യങ്ങളോടെ, മുഴുവന്‍ ജീവനക്കാര്‍ക്കും മികവുറ്റതും സൗകര്യപ്രദവുമായ തൊഴിലന്തരീക്ഷം ഉറപ്പാക്കുന്ന വിധത്തിലാണ് കേന്ദ്രത്തിന്റെ രൂപകല്‍പ്പന. ആധുനിക സാങ്കേതികവിദ്യയും അതിനൂതന എഞ്ചിനീയറിംഗ് കഴിവുകളും പ്രയോജനപ്പെടുത്തി അതിവേഗ ആഗോള ഉത്പന്ന എഞ്ചിനീയറിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിക്ക് ഇന്ത്യയിലും വിദേശത്തും തന്ത്രപ്രധാന നിക്ഷേപങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ട്. ഇന്ത്യയൊട്ടാകെ വ്യാപിക്കുന്നതിലും രാജ്യമെമ്പാടുമുള്ള ടാലന്റിനെ ആകര്‍ഷിക്കാന്‍ കഴിയുന്നതിലും യുഎസ് ടി ബ്ലൂകോഞ്ച് ടെക്‌നോളജീസ് പ്രസിഡന്റ് എസ് രാംപ്രസാദ് സന്തുഷ്ടി പ്രകടിപ്പിച്ചു. ‘നിരവധി പുതിയ ഉപയോക്താക്കളെയാണ്

ഈ വര്‍ഷം കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. അവരുടെയെല്ലാം ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ വിധത്തില്‍ ഗ്ലോബല്‍ വര്‍ക്ക് ഫോഴ്‌സിന്റെ കരുത്ത് വര്‍ധിപ്പിക്കേണ്ടതുണ്ട്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള സോഫ്റ്റ് വെയര്‍, ഹാര്‍ഡ്വെയര്‍ എഞ്ചിനീയര്‍മാരുടെ ഡിമാന്‍ഡ് കൂടുന്നതിനാണ് ഈ സാഹചര്യം വഴിയൊരുക്കുന്നത്. അഹമ്മദാബാദിലെയും സമീപ പ്രദേശങ്ങളിലെയും ഡിജിറ്റല്‍, എഞ്ചിനീയറിംഗ്, ടെക്‌നോളജി ഇക്കോസിസ്റ്റം അതിവേഗമാണ് വളരുന്നത്. ഗുജറാത്തില്‍ കരുത്തുറ്റ ഒരു നൈപുണ്യ കേന്ദ്രം കെട്ടിപ്പടുക്കണം.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന, പ്രകടനമികവ് പുലര്‍ത്തുന്ന തൊഴില്‍ സംസ്‌കാരമാണ് കമ്പനി പ്രോത്സാഹിപ്പിക്കുന്നത്. എളുപ്പമാര്‍ന്നതും മെച്ചപ്പെട്ടതുമായ എഞ്ചിനീയറിങ്ങ് അനുഭവമാണ് ഞങ്ങള്‍ പകര്‍ന്നുനല്‍കുന്നത്. പ്രത്യേകമായി രൂപകല്പന ചെയ്ത പ്രൊഡക്റ്റ്, എഞ്ചിനീയറിംഗ് സേവനങ്ങളാണ് ആഗോള ടെക്‌നോളജി കമ്പനികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ‘- അദ്ദേഹം വ്യക്തമാക്കി.

പുതിയൊരു മേഖലയിലേക്ക് കൂടി പ്രൊഡക്റ്റ്, പ്ലാറ്റ്‌ഫോം എഞ്ചിനീയറിംഗ് ബിസ്‌നസ് വിപുലീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യുഎസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു. ‘തന്ത്രപ്രധാന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഇടം എന്നതിനൊപ്പം രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തുമായി പുതിയൊരു ഭൂമികയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ആവേശത്തിലാണ്.

1999-ല്‍ തുടക്കമിട്ട കമ്പനി നാളിതുവരെ കൈവരിച്ച വളര്‍ച്ചയുടെ സാക്ഷ്യപത്രമായി ഇതിനെ കാണാം.’ മികവുറ്റ സേവനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്തുകൊണ്ടുള്ള നീണ്ട ചരിത്രത്തിലെ നാഴികക്കല്ലായും പുതിയ കേന്ദ്രത്തെ കണക്കാക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ നവീകരണങ്ങളിലൂടെ അതിവേഗം മുന്നേറുന്ന യുഎസ്എ ടി ബ്ലൂകോഞ്ച് ടെക്‌നോളജീസിന്റെ ഗ്ലോബല്‍ ഡെലിവറിക്കാണ് അഹമ്മദാബാദിലെ പുതിയ സെന്ററില്‍ കളമൊരുങ്ങുന്നത്.

TAGS: U.ST |