കേരള വിഷൻ ലാൻഡ് ഫോൺ സർവീസ് ആരംഭിച്ചു

Posted on: March 26, 2021

തിരുവനന്തപുരം : കേരള വിഷന്റെ ലാന്‍ഡ് ഫോണ്‍ സര്‍വീസായ കേരള വിഷന്‍ വോയ്സിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കേരള വിഷന്റെ ബ്രോഡ്ബാന്‍ഡിനൊപ്പമാണ് കേരള വിഷന്‍ വോയ്സ് എന്ന പേരില്‍ സംസ്ഥാനത്താദ്യമായി സ്മാര്‍ട്ട് ടെലിഫോണ്‍ സര്‍വീസ് പ്രവര്‍ത്തനമാരംഭിച്ചത്. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ബി.എസ്.എന്‍.എല്‍. കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ സി.വി.വിനോദിന്റെ ഫോണില്‍ വിളിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. നവീകരിച്ച വെബ്സൈറ്റ് നടന്‍ ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്തു.

ഫിക്‌സഡ് ഫോണിന്റെ പ്രൗഢിയും മൊബൈല്‍ ഫോണിന്റെ ഫീച്ചറുകളുമുള്ള ഈ സേവനം വീടിനുള്ളിലെ റേഞ്ചില്ലായ്മയ്ക്കു പരിഹാരമാകും. വാണിജ്യാവശ്യങ്ങള്‍ക്കുള്ള കണക്ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ടെലികോം സര്‍വീസുകളും ലഭ്യമാകും. ലാന്‍ഡ് ഫോണ്‍ സര്‍വീസിനാവശ്യമായ സാങ്കേതികപിന്തുണ ബി.എസ്.എന്‍.എല്ലാണ് നല്‍കുന്നത്. ബ്രോഡ്ബാന്‍ഡിനൊപ്പം വോയ്സ് സര്‍വീസ് നല്‍കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ എം.എസ്.ഒ.യാണ് കേരള വിഷന്‍. 

കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അബൂബക്കര്‍ സിദ്ധിഖ് അധ്യക്ഷനായി. കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡ്(കെ.സി.സി.എല്‍.) മാനേജിംഗ് ഡയറക്ടര്‍ പി.പി.സുരേഷ്‌കുമാര്‍, ഡയറക്ടര്‍മാരായ കെ.വിജയകൃഷ്ണന്‍, വി.എസ്.ജ്യോതികുമാര്‍, ബിസിനസ് ഹെഡ് എന്‍.പദ്മകുമാര്‍, ഡയക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.ഗോവിന്ദന്‍, പി.എസ്.സിബി തുടങ്ങിയവര്‍ സംസാരിച്ചു.