കേരള കലാകരകൗശലഗ്രാമത്തില്‍ പെണ്‍കലാവിസ്മയം

Posted on: March 8, 2021

കോവളം : കോവളം വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് ലോകവനിതാദിനമായ മാര്‍ച്ച് 8 മുതല്‍ ഒരാഴ്ച കലാകാരികളുടെ സര്‍ഗ്ഗവിരുന്നൊരുക്കി. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ കലാരംഗങ്ങളിലെ മികച്ച കലാകാരികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രകടനങ്ങള്‍ തലസ്ഥാനത്തിനു പുതിയ അനുഭവമാകും.

വേള്‍ഡ് ഓഫ് വിമെന്‍ (WoW) എന്നു പേരിട്ട വാരാഘോഷത്തില്‍ നിലാവിനും നക്ഷത്രങ്ങള്‍ക്കും കീഴെ വെള്ളച്ചാട്ടത്തിനും ജലാശയത്തിനുമരികെ മേള കോര്‍ട്ടിലെ തുറന്ന വേദിയിലാണു കലാവിരുന്നുകള്‍.

ഇന്ന് രാവിലെ 11-ന് 50-ല്‍പ്പരം ചിത്രകാരികള്‍ നടത്തുന്ന തത്സമയരചനയോടെ തുടക്കം കുറിക്കുന്ന വാരാഘോഷത്തിലെ ആദ്യസായാഹ്നത്തില്‍ അരങ്ങുണര്‍ത്തുന്നത് വൈകിട്ട് 7-നു നടക്കുന്ന സയനോര ഫിലിപ്പിന്റെ സംഗീതനിശയാണ്. കലാഗ്രാമത്തിനു തിങ്കളാഴ്ച അവധിദിവസമാണെങ്കിലും വനിതാദിനം പ്രമാണിച്ച് ഇന്ന് പതിവുപോലെ പ്രവര്‍ത്തിക്കും.

അയ്യപ്പനും കോശിയും എന്ന സിനിമയിലെ ‘കലക്കാത്ത സന്ദനമേരം’ എന്ന നാടന്‍പാട്ടിലൂടെ ജനഹൃദയങ്ങള്‍ കൈയടക്കിയ നാഞ്ചിയമ്മയും കൂട്ടരും ആവതരിപ്പിക്കുന്ന നാടോടിനൃത്തഗാനമേളയാണ് രണ്ടാംദിവസം രാത്രി എട്ടിന് കലാഗ്രാമത്തെ ത്രസിപ്പിക്കുക.

മോനിഷ നായകിന്റെ കഥക് നൃത്തവും സിത്താര കൃഷ്ണകുമാറിന്റെ ഗസല്‍ സന്ധ്യയും മൂന്നാംദിവസമായ മാര്‍ച്ച് 10-നെ കലാസുരഭിലമാക്കും. കഥക് വൈകിട്ട് 7-നും ഗസല്‍ സന്ധ്യ 8-നും നടക്കും.

നിഴല്‍പ്പാവക്കൂത്തു കാണാനുള്ള അപൂര്‍വ്വാവസരമാണ് മാര്‍ച്ച് 11-നു കലാഗ്രാമം ഒരുക്കുന്നത്. വൈകിട്ട് 7-നു പുഷ്പലതയും സംഘവും അവതരിപ്പിക്കുന്ന പാവക്കൂത്തിനുശേഷം എട്ടുമണിക്ക് ശ്രീജ ആറങ്ങോട്ടുകരയുടെ നാടകവും 8 30-ന് പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ടുമുണ്ട്.

പന്ത്രണ്ടാം തീയതി 7 മണിക്ക് കുമാരി ആഭയുടെ വയലില്‍ പ്രകടനവും എട്ടിന് മാധവി മുഡ്ഗലിന്റെ ഒഡീസി നൃത്തവും ആസ്വാദകാര്‍ക്കു വിരുന്നൊരുക്കും.

കളരിപ്പയറ്റിനു നല്കിയ സംഭാവനകള്‍ക്കു പദ്മശ്രീ ലഭിച്ച മീനാക്ഷിയമ്മയുടെ അഭ്യാസപ്രകടനം കാണാന്‍ തെക്കന്‍കേരളത്തിനു കിട്ടുന്ന അവസരമാണ് ആറാംദിനത്തിലെ ഹൈലൈറ്റ്. രണ്ടാം ശനിയാഴ്ചകൂടിയായ 13-ലെ കലാസന്ധ്യ 6 30-ന് ആനി വൈലോപ്പിള്ളിയുടെ നങ്ങ്യാര്‍കൂത്തോടെയാണ് ആരംഭിക്കുന്നത്. ഏഴരയ്ക്കാണു കളരിയഭ്യാസപ്രകടനം. തുടര്‍ന്ന് 8 30 മുതല്‍ ഡോ: ബിന്ദു പാഴൂര്‍ അവതരിപ്പിക്കുന്ന മുടിയേറ്റുമുണ്ട്.

സമാപനദിനമായ മാര്‍ച്ച് 14-ന് വനിതാവാരാഘോഷം കൊടിയിറങ്ങുന്നത് ആര്യ ദയാലിന്റെ സംഗീതനിശയോടെയാണ്. വനിതാദിനത്തില്‍ രചിക്കപ്പെടുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം 16 മുതല്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഉണ്ടാകും.

ഈ ദിവസങ്ങളിലെല്ലാം കലാകരകൗശലഗ്രാമത്തിലെ കരകൗശലസ്റ്റുഡിയോകളും എംപോറിയവും ആര്‍ട്ട് ഗ്യാലറികളുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടാകും. കലാഗ്രാമത്തില്‍ പ്രവേശിക്കാന്‍ എടുക്കുന്ന ടിക്കറ്റു മതിയാകും വനിതാവാരകലാമേള കാണാനും. നൂറു സീറ്റില്‍ റിസര്‍വ്വേഷന്‍ സൗകര്യമുണ്ട്.

നഗരത്തില്‍നിന്നു കോവളത്തേക്കുള്ള വഴിയില്‍ വെള്ളാറിലാണ് ടൂറിസം വകുപ്പിനുവേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി നടത്തുന്ന കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്.