ഭാവി വീക്ഷണത്തോടെ കേരളം; ത്രിദിന രാജ്യാന്തര സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Posted on: February 2, 2021

തിരുവനന്തപുരം: എല്ലാ പൗരന്‍മാരുടേയും താല്‍പര്യം സംരക്ഷിക്കുന്ന പുരോഗമന, ആധുനിക സമ്പദ്വ്യവസ്ഥയാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ മികച്ച ആശയങ്ങളും മാതൃകകളും ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍. ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന കേരളത്തിന് വിവരസാങ്കേതികവിദ്യയില്‍ ഉള്‍പ്പെടെയുള്ള നൂതന മാര്‍ഗങ്ങളിലൂടെ ദിശാബോധം നല്‍കുന്നതിന് ‘ഭാവി വീക്ഷണത്തോടെ കേരളം’ എന്ന പ്രമേയത്തിലൂന്നി സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

നൂതന സാങ്കേതികവിദ്യകളുടേയും കണ്ടെത്തലുകളുടേയും പിന്‍ബലത്തോടെ കേരളത്തെ ശരിയായ വൈജ്ഞാനിക സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള ആശയങ്ങള്‍ക്കാണ് കാത്തിരിക്കുന്നത്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, അധികാര വികേന്ദ്രീകരണം എന്നിവയിലെ നേട്ടങ്ങളുള്‍ക്കൊണ്ട് വലിയ പരിവര്‍ത്തനത്തിന് കേരളം സജ്ജമാണ്. വിദ്യാസമ്പന്നരായ നൈപുണ്യമുള്ള പൗരന്‍മാര്‍ക്ക് സക്രിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതില്‍ വിജയം നേടാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2022ല്‍ ആരംഭിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിക്കും പുതിയ സര്‍ക്കാരിനും സംസ്ഥാനം തയ്യാറെടുക്കുമ്പോള്‍ പുതിയ ദൗത്യങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുയോജ്യ സമയമാണിത്. സമ്മേളനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ പുതിയ പദ്ധതികളുടെ രൂപീകരണത്തിനും നിലവിലെ പദ്ധതികളുടെ അവലോകനത്തിലും മൂല്യവത്താണെന്നു ശ്രീ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കാര്‍ഷിക, കന്നുകാലി, മത്സ്യസമ്പത്ത് എന്നീ വിഭവങ്ങളുടെ വര്‍ദ്ധനയും കൈകാര്യം ചെയ്യുന്നതും സമ്മേളനം ചര്‍ച്ച ചെയ്യും. ഭൂമിയുടെ ലഭ്യതയും ജനസംഖ്യാവര്‍ദ്ധനയും കണക്കിലെടുത്തുള്ള വ്യാവസായിക നേട്ടങ്ങള്‍, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കല്‍, സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കി പൗരന്‍മാര്‍ക്ക് ഉത്തരവാദിത്തത്തോടുള്ള ഗുണമേന്‍മയേറിയ സേവനം, നൈപുണ്യ തൊഴിലുകളില്‍ കേരളത്തെ രാജ്യത്തെ ഹബ്ബാക്കി മാറ്റുക എന്നീ വിഷയങ്ങളും ചര്‍ച്ചക്ക് വിധേയമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിട്ടൊഴിയാതെ പിന്തുടര്‍ന്ന പ്രകൃതി ക്ഷോഭങ്ങളാലും മഹാമാരിയാലും കഴിഞ്ഞ നാലരവര്‍ഷം കേരളത്തിന് ദുഷ്‌കരമായിരുന്നുവെങ്കിലും ഈ കാലയളവില്‍ നേട്ടങ്ങള്‍ കൈവരിക്കാനായതായി ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍ പറഞ്ഞു.

പൊതുവിദ്യാഭ്യാസത്തിലും ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ പ്രാപ്യമാക്കുന്നതിലും ഭൗതിക അടിസ്ഥാന സൗകര്യത്തിലും ഈ കാലയളവില്‍ വലിയ മാറ്റങ്ങളുണ്ടായി. പുതിയ ഐടി- വ്യവസായ നയം, തദ്ദേശീയരുടെ വിപുലമായ പങ്കാളിത്തത്തോടെ പ്രാദേശിക സ്വയംഭരണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കല്‍, ജീവസന്ധാരണത്തിലും തൊഴിവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നവീകരണം, സാമൂഹ്യ സുരക്ഷാ വിപുലീകരണം, ലിംഗ ശാക്തീകരണം എന്നിവയിലും ഈ കാലഘട്ടത്തില്‍ സാരമായ മാറ്റങ്ങളുണ്ടായി. ഇപ്പോള്‍ കേരളം വലിയ പരിവര്‍ത്തനത്തിനാണ് സജ്ജമായിരിക്കുന്നത്. കേരളത്തിലെ ഓരോ മാറ്റവും പൊതുസംവാദത്തിനും വ്യാപക കൂടിയാലോചനകള്‍ക്കും വിധേയമാകുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ രാജ്യാന്തര സമ്മേളനമെന്നും അദ്ദേഹം വ്യക്തമാക്കി.

തുറമുഖം-പുരാവസ്തു മന്ത്രി ശ്രീ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗതാഗത മന്ത്രി ശ്രീ എ കെ ശശീന്ദ്രന്‍, ജലവിഭവ മന്ത്രി ശ്രീ കെ കൃഷ്ണന്‍കുട്ടി, റവന്യു മന്ത്രി ശ്രീ ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു. ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വേണു വി ഐഎഎസ് നന്ദി പറഞ്ഞു.