‘ഭാവി വീക്ഷണത്തോടെ കേരളം’ ത്രിദിന സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

Posted on: February 1, 2021

തിരുവനന്തപുരം: ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന കേരളത്തിന് വിവരസാങ്കേതിക വിദ്യയുള്‍പ്പെടെയുള്ള നൂതന മാര്‍ഗങ്ങളിലൂടെ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘കേരള ലുക്‌സ് അഹെഡ്’ സമ്മേളനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ഉന്നത സാമ്പത്തിക വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

വ്യവസായ പ്രമുഖരായ ശ്രീ രത്തന്‍ ടാറ്റ, ശ്രീ കുമാര്‍ മംഗളം ബിര്‍ള, ശ്രീ അസിം പ്രേംജി, ശ്രീ ആനന്ദ് മഹേന്ദ്ര, നോബല്‍ സമ്മാന ജേതാവ് പ്രൊഫ. അമര്‍ത്യ സെന്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍ എന്നിവരും ഉദ്ഘാടന ദിനമായ ഫെബ്രുവരി ഒന്നിന് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.

കേരളത്തിന്റെ സമഗ്ര വികസനത്തിന് ദിശാബോധം നല്‍കുന്നതിനു വേണ്ടിയുള്ള മികച്ച വഴികള്‍ തേടുന്നതിനും അത് നടപ്പില്‍ വരുത്തുന്നതിനും വേണ്ടി സംസ്ഥാന ആസൂത്രണ ബോര്‍ഡാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ദീര്‍ഘകാല സാമ്പത്തിക ദിശാബോധത്തോടെയും സുപ്രധാന മേഖലകളില്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെയും ക്ഷേമ പദ്ധതികളില്‍ സംസ്ഥാനം നേടിയ ചരിത്രപരമായ നേട്ടങ്ങളുമാണ് ഇതിനാധാരം.

ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍, മെമ്പര്‍ സെക്രട്ടറി ഡോ. വേണു വി ഐഎഎസ് എന്നിവര്‍ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബ്രോഷറും കാര്യപരിപാടികളും പുറത്തിറക്കി.

സംസ്ഥാനം പ്രധാനപ്പെട്ട മാറ്റത്തിന് കാതോര്‍ത്തിരിക്കുകയാണെന്ന് പ്രൊഫ. വി കെ രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സാങ്കേതികവിദ്യയും ശാസ്ത്രനേട്ടങ്ങളും പ്രധാനപങ്ക് വഹിക്കുന്ന പ്രത്യേക മേഖലകള്‍ കണ്ടെത്തും. അന്താരാഷ്ട്ര-ദേശീയ തലത്തിലുള്ള മികച്ച രീതികള്‍ മനസിലാക്കാനും അവ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗപ്പെടുത്താനുമുള്ള സാധ്യതയാണ് ഈ സമ്മേളനത്തിലൂടെ കൈവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിജ്ഞാനത്തിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയെന്ന നിലയില്‍ കേരളത്തിന്റെ പരിണാമം വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ക്ക് നേരിട്ടറിയാനും ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്ന് ഡോ. വേണു ചൂണ്ടിക്കാട്ടി.

വിവിധ മേഖലകളിലുള്ള പ്രമുഖരെ പങ്കെടുപ്പിക്കുന്നതിനു വേണ്ടി നാല് മാസത്തോളമാണ് പരിശ്രമം നടത്തിയത്. അതിന്റെ ഫലമായി ലോകാരോഗ്യ സംഘടന, അന്തര്‍ദേശീയ തൊഴിലാളി സംഘടന (ഐഎല്‍ഒ), ഐക്യരാഷ്ട്ര സംഘടനാ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍, നോബല്‍ ജേതാക്കള്‍ തുടങ്ങിയ പ്രാതിനിധ്യം സമ്മേളനത്തിലുണ്ടാകുമെന്നും ഡോ. വേണു പറഞ്ഞു.

ഒമ്പത് വിഭാഗങ്ങളിലുള്ള ചര്‍ച്ചകളാണ് വിവിധ സെഷനുകളിലായി സമ്മേളനത്തില്‍ നടക്കുന്നത്. പ്രാഥമികമേഖലയില്‍ കൃഷി, മത്സ്യബന്ധനം, മൃഗസംരംക്ഷണം എന്നീ വിഷയങ്ങളാണുള്ളത്. ആധുനിക വ്യവസായ സാധ്യതകള്‍, ഉന്നത വിദ്യാഭ്യാസം(അന്താരാഷ്ട്ര അക്കാദമിക സഹകരണം) നൈപുണ്യ വികസനം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇ-ഗവേണന്‍സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫെഡറലിസം, ഡെവലപ്മന്റ് ഫിനാന്‍സിംഗ് എന്നിവയാണ് ചര്‍ച്ചാ വിഭാഗങ്ങള്‍.

സംസ്ഥാനം 14-ാം പഞ്ചവത്സര പദ്ധതിയിലേക്ക് (2022-27) കടക്കുന്ന അവസരത്തില്‍ സമ്മേളനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പ്രൊഫ രാമചന്ദ്രന്‍ പറഞ്ഞു. ഈ സമ്മേളനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന കാര്യങ്ങള്‍ പഞ്ചവത്സര പദ്ധതിയുടെ ആസൂത്രണത്തില്‍ മുഖ്യപങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ ഉള്‍ക്കൊള്ളല്‍, ലിംഗസമത്വം, എന്നിവയില്‍ സംസ്ഥാനത്തിന് ദിശാബോധം നല്‍കുന്നതിനോടൊപ്പം, കൃഷി, വ്യവസായം, ഐടി, ഗതാഗതം, വന്‍കിട അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള അറിവും പകര്‍ന്നു തരുമെന്ന് ഡോ. വേണു പറഞ്ഞു.

കൃഷി, ഫെഡറലിസവും വികസന ഫിനാന്‍സിംഗ്, ഐടി, ഇ ഗവേണന്‍സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫെബ്രുവരി 2 ന് രാവിലെ നടക്കും. മൃഗസംരക്ഷണവും വികസനവും, മത്സ്യമേഖല, നൈപുണ്യവികസനം, വ്യവസായം, ടൂറിസം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഇ ഗവേണന്‍സ്, ഉന്നതവിദ്യാഭ്യാസം എന്നീ വിഷയത്തില്‍ അന്നേ ദിവസം ഉച്ചതിരിഞ്ഞ് ചര്‍ച്ചകള്‍ നടക്കും.

ഫെബ്രുവരി 3 ന് സമാപന സമ്മേളനത്തിന് മുന്നോടിയായി വ്യവസായങ്ങളെക്കുറിച്ചുള്ള പ്രത്യേക സെഷനും നടക്കും. ബയോകോണ്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി കിരണ്‍ മജൂംദാര്‍ ഷാ, അക്‌സിലര്‍ വെഞ്ച്വേഴ്‌സിന്റെ ചെയര്‍പേഴ്‌സണ്‍ ശ്രീ ക്രിസ് ഗോപാലകൃഷ്ണന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ എം എ യൂസഫലി, ആര്‍ പി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ രവി പിള്ള, ആസ്റ്റര്‍ മെഡിസിറ്റിയുടെ ചെയര്‍പേഴ്‌സണും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ ഈ പ്രത്യേക സെഷനില്‍ പങ്കെടുക്കും.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ത്രിലോചന്‍ മഹാപാത്ര, വേള്‍ഡ് ഫിഷ് സെന്ററിന്റെ മുന്‍ അസി. ഡയറക്ടര്‍ ഡോ. മൊദദഗു വിജയ് ഗുപ്ത, ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സോഷ്യോളജി പ്രൊഫ. പാട്രിക് ഹെല്ലര്‍, കൊറിയന്‍ റിപ്പബ്ലിക്കിലെ മുന്‍ ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ മന്ത്രി പ്രൊഫ ജു-ഹൊ ലീ, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ശ്രീ എസ് ഡി ഷിബുലാല്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, കൃഷി, മൃഗസംരക്ഷണം, എന്നീ വിഷയങ്ങളിലെ സെഷനുകള്‍ കഴിഞ്ഞയാഴ്ച നടന്നു. സമ്മേളനത്തിലെ ഗഹനമായ ചര്‍ച്ചകള്‍ക്കുള്ള തുടക്കമായിരുന്നു ഇത്.

സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല. www.keralalooksahead.com എന്ന വെബ്‌സൈറ്റിലൂടെ സമ്മേളനത്തില്‍ തത്സമയം പങ്കെടുക്കാവുന്നതാണ്.