നിക്ഷേപം ആകർഷിക്കാൻ കേരളത്തിൽ സ്‌പെഷൽ ഇൻവെസ്റ്റ്‌മെൻറ് ടാസ്‌ക് ഫോഴ്‌സ്

Posted on: July 3, 2020

തിരുവനന്തപുരം : കേരളത്തിലെ വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കാനും അതിനുള്ള നടപടികൾ ലഘൂകരിക്കാനും ഇതിനായി കർമ പരിപാടി തയാറാക്കാനും സർക്കാർ രൂപവൽകരിച്ച സ്‌പെഷൽ ഇൻവെസ്റ്റ്‌മെൻറ് ടാസ്‌ക് ഫോഴ്‌സിൻറെ ആദ്യ യോഗം തീരുമാനിച്ചു.

കൊവിഡ്19 വിവിധ മേഖലകളിൽ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനും ഉത്പാദന കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാൻ തയാറെടുക്കുന്ന വിദേശ നിക്ഷേപകരെ ആകർഷിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച ഈ കർമസമിതി ലൈഫ് സയൻസസ്, ആരോഗ്യപരിരക്ഷ, കാർഷിക-ഭക്ഷ്യ സംസ്‌കരണം, നഗര അടിസ്ഥാന വികസനം, ഔഷധ നിർമാണം തുടങ്ങിയ മേഖലകളിൽ കേരളത്തെ നിക്ഷേപകേന്ദ്രമാക്കാനുള്ള പദ്ധതികളായിരിക്കും തയാറാക്കുക.

നിക്ഷേപം നടത്തി പദ്ധതികൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ അനായാസവും സുതാര്യവുമാക്കി മാറ്റി സംരംഭകത്വത്തെക്കുറിച്ച് കേരളത്തോടുള്ള മനോഭാവം മാറ്റാനുള്ള പ്രക്രിയയുമായി മുന്നോട്ടുപോകാൻ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വ്യവസായ-വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ എസ് ഹരികിഷോർ എന്നിവരും ഐഎഎസ് ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും വിദേശത്തെയടക്കമുള്ള വ്യവസായ മേഖലാ പ്രതിനിധികളും പൊതുമേഖലാ സ്ഥാപനമേധാവിമാരും അടങ്ങുന്ന കർമസമിതിയിലെ എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

ഭൂമി ഏറ്റെടുക്കൽ പ്രക്രിയയുടെ ലളിതവത്കരണം, വ്യവസായ-വിദ്യാഭ്യാസ മേഖലകളുടെ സഹകരണം, തൊഴിലവസര സൃഷ്ടി തുടങ്ങിയവ സുഗമമാക്കാനും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഉത്പാദക സംസ്ഥാനമാക്കാനും സമിതി നടപടികൾക്ക് രൂപം നൽകും. ആരോഗ്യ-സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, മെയ്ക്ക്-ഇൻ-കേരള സംരംഭങ്ങൾ, സംരംഭകരെ സഹായിക്കാനുള്ള കെ-സ്വിഫ്റ്റ് സോഫ്റ്റ് വെയർ നവീകരണം, വേതന സബ്‌സിഡി ആനുകൂല്യങ്ങൾ തുടങ്ങിയവുമായി സംസ്ഥാനം മുന്നോട്ടുപോകും. ആരോഗ്യപരിരക്ഷ ലൈഫ് സയൻസ്, പ്രതിരോധം, ഉത്പാദനം തുടങ്ങിയവയ്ക്കായി പ്രത്യേക വ്യവസായ പാർക്കുകളും ടൗൺ ഷിപ്പുകളും നിർമിക്കും.

ഇനിയുള്ള ദിവസങ്ങളിൽ ഇവയ്ക്കുള്ള നിർവഹണ പദ്ധതി തയാറാക്കി അത് പ്രത്യേക കർമസമിതി അവലോകനം ചെയ്തശേഷം സമയബന്ധിതമായ പരിപാടികൾ സഹിതം ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കാനും തീരുമാനമായി.