ഫാ. ഡേവിസ് ചിറമേല്‍ ഭക്ഷ്യവിപണന രംഗത്തേക്ക്

Posted on: December 13, 2019

കൊച്ചി : ചാരിറ്റി രംഗത്തും അവയവദാന രംഗത്തും നിസാന്നിധ്യമായ ഫാ. ഡേവിസ് ചിറമേല്‍ ഭക്ഷ്യ രംഗത്തേക്ക് കടക്കുന്നു. രോഗങ്ങളില്ലാത്ത ആരോഗ്യകരമായ ജീവിത രീതി എന്ന ലക്ഷ്യവുമായാണ് ചിറമേല്‍ കാരുണ്യ പ്രോഡക്‌സ് വിപണിയിലേക്ക് എത്തുന്നത്.

ചിറമേല്‍ കാരുണ്യ ഉത്പന്നങ്ങളില്‍ നിന്നുള്ള ലാഭത്തിന്റെ പ്രധാന ഭാഗം കാരുണ്യ സ്പര്‍ശം 60 @ 2020 എന്ന പദ്ധതി യിലേക്കാണ് പോകുന്നത്. ഫാ.ഡേവിസ് ചിറമേലിന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് അവിഷ്‌കരിച്ച പദ്ധതിയാണിത്. കാന്‍സര്‍, കിഡ്‌നി രോഗികള്‍, ഹൃദ്രോഗ ബാധിതര്‍, ഭിന്നശേഷിക്കാര്‍, അന്ധരായവര്‍ എന്നിവര്‍ക്കായാണ് കാരുണ്യ സ്പര്‍ശം 60 @ 2020 നടപ്പാക്കുന്നത്.

ഇളനീര്‍, വെള്ളം, പായസം മിക്‌സ്, പുട്ടുപൊടി, ഇഡ്ഡലി മിക്‌സ്, ദോശ മിക്‌സ്, പത്തിരിപ്പൊടി, വെളിച്ചണ്ണ തുടങ്ങി 134 ഉത്പന്നങ്ങളാണ് കാരുണ്യ ബ്രാന്‍ഡില്‍ ആദ്യഘട്ടത്തില്‍ വിപണിയില്‍ എത്തുന്നത്.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തില്‍ ചില്ലുകുപ്പിയിലും പേപ്പര്‍ കവറുകളിലുമാണ് ഉത്പന്നങ്ങള്‍ എത്തുന്നത്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ഡിസംബറിലും എറണാകുളം – തിരുവനന്തപുരം ജില്ലകളില്‍ ജനുവരിയിലും ഉത്പന്നങ്ങള്‍ ലഭ്യമാകും. ഇതിനു പുറമെ ഓസ്‌ട്രേലിയ, കുവൈത്ത്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യും. കമ്പനിക്കു വേണ്ട എല്ലാ സാമ്പത്തിക പിന്തുണയും നല്‍കുന്നത് ജോര്‍ജ്ജ് ആന്റണി ജീമംഗലം ആണ്. ജയ്‌സണ്‍ വര്‍ഗീസ് ഡിസ്ട്രിബൂഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.