രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ നൈപുണ്യ വികസനത്തില്‍ പരിശീലനം നല്‍കും: മന്ത്രി ടി പി രാമകൃഷ്ണന്‍

Posted on: December 2, 2019


തിരുവനന്തപുരം: നൈപുണ്യവികസനവുമായി ബന്ധപ്പെട്ട ആഗോള മത്സരങ്ങളില്‍ വിജയം നേടുന്നതു ലക്ഷ്യമാക്കി എല്ലാ മത്സരയിനങ്ങളിലും പ്രത്യേക പരിശീലനം നല്‍കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ ടിപി രാമകൃഷ്ണന്‍.

ഇന്ത്യ സ്‌കില്‍സ് കേരള 2020 നൈപുണ്യ മേളയില്‍ പങ്കെടുത്ത് ദേശീയ തലത്തിലും ആഗോള തലത്തിലും മത്സരിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുന്ന തരത്തില്‍ ഭാഷാപ്രാവീണ്യം നേടുന്നതിനടക്കമുള്ള പരിശീലനമാണ് നല്‍കുന്നതെന്ന് കഴിഞ്ഞ ദേശീയ, ആഗോള മത്സരങ്ങളില്‍ പങ്കെടുത്തവരും വിജയിച്ചവരുമായി നടത്തിയ ആശയവിനിമയ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെയും (കെയ്‌സ്) വ്യാവസായിക പരിശീലന വകുപ്പിന്റെറയും സംയുക്താഭിമുഖ്യത്തിലാണ് കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത്.

എല്ലാ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നത്തിനും നൈപുണ്യ വികസനത്തിനുള്ള പങ്ക് വളരെ വലുതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ വരാനിരിക്കുന്ന ഇന്ത്യ സ്‌കില്‍സ് കേരള 2020 നൈപുണ്യ മേളയില്‍ 42 ഇനം മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഇരട്ടിയിലധികമാണെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി.

റഷ്യയിലെ കസാനില്‍ നടന്ന വേള്‍ഡ് സ്‌കില്‍ മത്സരങ്ങളില്‍ പങ്കെടുത്ത നിതിന്‍ പ്രേം (ത്രിഡി ഗെയിം ആര്‍ട്), ജിബിന്‍ വില്യംസ് (ഫ്‌ളോറിസ്ട്രി), മുഹമ്മദ് റാബിത്ത് (വാള്‍ ആന്‍ഡ് ഫ്‌ളോര്‍ ടൈലിങ്) എന്നിവരും പരിപാടിയില്‍ സംസാരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്താലാണ് ഈ വിജയം കൈവരിക്കാന്‍ സാധിച്ചതെന്ന് കസാനിലെ മത്സരങ്ങളില്‍ പങ്കെടുത്ത് നാലാം സ്ഥാനം കരസ്ഥമാക്കി മെഡാലിയന്‍ ഓഫ് എക്‌സലന്‍സ് ലഭിച്ച മുഹമ്മദ് റാബിത്ത് പറഞ്ഞു.

തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ സത്യജിത് രാജന്‍ ഐഎഎസ്, കെയ്‌സ് മാനേജിങ് ഡയറക്ടര്‍ ശ്രീ ചന്ദ്രശേഖര്‍ എസ് ഐഎഎസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യ സ്‌കില്‍സ് കേരളയിലെ ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 14 മുതല്‍ 19 വരെയും, മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിയായി 2020 ജനുവരി 10 മുതല്‍ 15 വരെയും നടക്കും. സംസ്ഥാനതല മത്സരങ്ങള്‍ 2020 ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് സ്വപ്ന നഗരിയിലാണ് നടക്കുക. ഇന്ത്യ സ്‌കില്‍സ് കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ഫൈനലില്‍ എത്തുന്നവര്‍ക്ക് പതിനായിരം രൂപയും ലഭിക്കും.

ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.indiaskillskerala.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9496327045 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.