സാങ്കേതിക വിദഗ്ദ്ധർ യാഥാസ്ഥിതിക മനോഭാവം വെടിയണം: മന്ത്രി. ജി. സുധാകരൻ

Posted on: November 24, 2019

കൊച്ചി : പൊതു നിർമിതികൾ പ്രയോജനകരവും ശാശ്വതവും ആകണമെങ്കിൽ സാങ്കേതിക വിദഗ്ധർ യാഥാസ്ഥിതിക മനോഭാവം വെടിയണമെന്നും ഉപഭോക്താക്കൾ എഞ്ചിനീയർമാരിൽ വിശ്വാസം അർപ്പിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റിയുട്ടിൻറെ ആഭിമുഖ്യത്തിൽ ‘സുസ്ഥിര കോൺക്രീറ്റ് പാതകൾ’ എന്ന വിഷയത്തിൽ നടന്ന സെമിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാലിക പ്രാധാന്യം ഉള്ള ഈ വിഷയം ചർച്ചയാക്കുന്നതിൽ ഇൻസ്റ്റിറ്റിയുട്ട് എടുത്ത നേതൃത്വത്തെ മന്ത്രി അഭിനന്ദിച്ചു. കാലാകാലങ്ങളായി നിലനിൽക്കുന്ന നിർമാണ രീതികൾ മാറണമെന്നും ഇതിന് യുക്തമായ പുനർ വിദ്യാഭ്യാസം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നിർമാണത്തിന്റെ ഉത്തരവാദിത്വം സാങ്കേതിക വിദഗ്ധർക്ക് ആയിരിക്കണം. എല്ലാവരും ഇടപെട്ട് അഭിപ്രായം പറയുന്നതും പദ്ധതി ആരംഭിക്കും മുൻപ് തന്നെ സമര സമിതിയും സംരക്ഷണ സമിതിയും ഒക്കെ തുടങ്ങുന്നത് പരാജയത്തിലേക്ക് നയിക്കും. ഇതിനായി ജനങ്ങളെ മാനസികമായി പരുവപ്പെടുത്തണം. ഇതിനായി ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്നും മന്ത്രി പറഞു.

ബ്രിട്ടീഷ് സർക്കാർ ഈ വർഷം പ്രഖ്യാപിച്ച ക്ലൈമറ്റ് എമർജൻസി നിർമിതികൾ പരിസ്ഥിതി സൗഹൃദം ആവണമെന്ന മുന്നറിയിപ്പാണ് നൽകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പൊതുമരാമത്ത് ചീഫ് എൻജിനീയർ എൽ. ബീന പറഞ്ഞു. നിർമിതികൾ തീരുമാനിക്കുമ്പോൾ ലൈഫ് സൈക്കിൾ കോസ്റ്റിനു മുൻഗണന നൽകണമെന്നും ബീന നിർദേശിച്ചു. കോൺക്രീറ്റ് റോഡ് നിർമാണ രീതിയിലെ വിവിധ സാങ്കേതികത്വങ്ങളെ കുറിച്ച് വിദഗ്ധർ സംസാരിച്ചു.