നാലു മാസത്തേക്ക് പകല്‍ 10 മുതല്‍ ആറുവരെ വിമാനങ്ങള്‍ പറക്കില്ല

Posted on: November 12, 2019

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ റീ കാര്‍പ്പെറ്റിംഗ് ജോലികള്‍ തുടങ്ങുന്നതിനാല്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല. നവംബര്‍ 20-ന് ആരംഭിച്ച് മാര്‍ച്ച് 28 വരെയാണ് നവീകരണ ജോലികള്‍. വിമാന സര്‍വീസുകളുടെ സമയം പുന:ക്രമീകരിച്ചിട്ടുണ്ട്.

അഞ്ച് സര്‍വീസുകള്‍ മാത്രമേ റദ്ദാക്കേണ്ടി വന്നിട്ടുള്ളൂ. പകല്‍ സര്‍വീസുകള്‍ മുഴുവന്‍ രാത്രിയിലേക്കു മാറ്റും. വിമാനങ്ങള്‍ ഓടി റണ്‍വേയുടെ പല ഭാഗത്തും ഉപരിതലം മിനുസമുള്ളതായി തീര്‍ന്നു. അതിനാലാണ് നിശ്ചിത കാലയളവില്‍ റണ്‍വേ റീ കാര്‍പ്പെറ്റിംഗ് വേണ്ടിവരുന്നത്.

1999-ല്‍ പ്രവര്‍ത്തനം തുടങ്ങി പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ 2009- ല്‍ ആദ്യ റണ്‍വേ റീ കാര്‍പ്പെറ്റിംഗ് നടന്നു. രണ്ടാമത്തെ റീ കാര്‍പ്പെറ്റിംഗ് ആണ് ഇപ്പോള്‍. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് റണ്‍വേയ്ക്കുള്ളത്. 2.04 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് റീ ടാറിംഗ് നടത്തേണ്ടത്. ഓരോ ദിവസവും റീ ടാറിംഗ് നടക്കുന്ന ഇടം അന്നുതന്നെ വൈകീട്ടോടെ സര്‍വീസിന് സജ്ജമാക്കേണ്ടതിനാല്‍ ഏറെ സങ്കീര്‍ണമായ പ്രക്രിയയാണ് റണ്‍വേ റീ കാര്‍പ്പെറ്റിംഗ്.

റണ്‍വേ നവീകരണം പൂര്‍ത്തിയാക്കുന്നതോടൊപ്പം തന്നെ റണ്‍വേ ലൈറ്റിംഗ് സംവിധാനം കാറ്റഗറി മൂന്നിലേക്ക് ഉയരും. നിലവില്‍ കാറ്റഗറി ഒന്ന് ലൈറ്റിംഗ് സംവിധാനമാണ് ഇവിടെയുള്ളത്. 3400 മീറ്റര്‍ നീളത്തിലുള്ള റണ്‍വേയില്‍ നിലവില്‍ 30 മീറ്റര്‍ അകലത്തിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാറ്റഗറി നിലവാരമുയര്‍ത്തുന്നതിനായി ലൈറ്റുകള്‍ തമ്മിലുള്ള അകലം 15 മീറ്റര്‍ ആക്കി കുറയ്ക്കും. റണ്‍വേ ലൈറ്റിംഗ് സംവിധാനം മെച്ചപ്പെടുന്നതോടെ മഴയോ, മഞ്ഞോ മൂലം കാഴ്ചക്കുറവുള്ളപ്പോഴും സുരക്ഷിതമായി വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയും.

151 കോടി രൂപ ചെലവിലാണ് റണ്‍വേ നവീകരണം. ടാര്‍മാറ്റ് കമ്പനിയാണ് കരാര്‍ എടുത്തിരിക്കുന്നത്. റണ്‍വേ നവീകരണം സംബന്ധിച്ച് സിയാല്‍ ഒരു വര്‍ഷം മുമ്പേ വിമാനക്കമ്പനികളെ അറിയിച്ചിരുന്നു. അതിനാല്‍ വിമാനക്കമ്പനികള്‍ക്ക് തങ്ങളുടെ പകല്‍സമയത്തെ സര്‍വീസുകളേറെയും പുന:ക്രമീകരിക്കാനായി.
അന്താരാഷ്ട്ര വിമാനങ്ങള്‍ ഏറെയും രാത്രിയും പുലര്‍ച്ചെയുമാണ് സര്‍വീസ് നടത്തുന്നത്. അതിനാല്‍, അന്താരാഷ്ട്ര യാത്രക്കാരെ റണ്‍വേ നവീകരണം കാര്യമായി ബാധിക്കില്ല.

TAGS: Runway Repair |