നേഴ്‌സസ് റിക്രൂട്ട്‌മെന്റ് : യുകെ യുമായി കേരളം കരാറായി

Posted on: July 17, 2019

തിരുവനന്തപുരം : യു. കെ. യിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തിലെ നേഴ്‌സുമാരെ
നിയമിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍  മാഞ്ചെസ്റ്റില്‍ കരാര്‍ ഒപ്പിട്ടു. യു. കെ. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധ സ്ഥാപനമായ ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ടുമായാണ് (എച്ച്. ഇ. ഇ.) കരാറായത്.

തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഞാറാഴ്ച യുകെ യില്‍ എത്തിയിരുന്നു. ഒഡെപെക് മുഖേനയാണ് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുക. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഐ.ഇ.എല്‍.ടി.എസ്. ഒ.ഇ.ടി എന്നിവ പാസാവുകയും ചെയ്തവര്‍ക്ക് ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും. കോഴ്‌സുകള്‍ക്ക് ചെലവാകുന്ന തുകയും വിസാ ചാര്‍ജും വിമാനടിക്കറ്റും സൗജന്യമാണ്. യു.കെ. യില്‍ മൂന്നുമാസത്തെ സൗജന്യതാമസവും നല്‍കും. അയ്യായിരത്തിലധികം നേഴ്‌സുമാരെ
നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഇടനിലക്കാരില്ലാതെ യുകെ യിലേക്ക് നേഴ്‌സുമാർക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണെന്ന് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു.  അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയര്‍മാന്‍ എന്‍. ശശിധരന്‍ നായര്‍, മന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി ദീപു പി. നായര്‍ എന്നിവരാണ് യു. കെ. സന്ദര്‍ശിക്കുന്നത്.

ഇവരും ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ട് ഗ്ലോബല്‍ എന്ഡഗേജ്‌മെന്റ് ഡയറക്ടര്‍ പ്രൊഫ. ജെഡ് ബയണ്‍, ഗ്ലോബല്‍ മാനേജ്‌മെന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജൊനാഥന്‍ ബ്രൗണ്‍, ബിന്‍ ഹൂഗസ്, മിഷേല്‍ തോംസണ്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

TAGS: ODEPC |