ടാറ്റാ എഐജി ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയായ ടാറ്റാ എഐജി എല്‍ഡര്‍ കെയര്‍ അവതരിപ്പിച്ചു

Posted on: October 4, 2023

 

കൊച്ചി: മുന്‍നിര ഇന്‍ഷൂറന്‍സ് സേവനദാതാക്കളില്‍ ഒന്നായ ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയായ ടാറ്റാ എഐജി എല്‍ഡര്‍ കെയര്‍ അവതരിപ്പിച്ചു. ആരോഗ്യ പരിരക്ഷ, നിരവധി ഹോം കെയര്‍ സേവനങ്ങള്‍, പ്രതിരോധ ആരോഗ്യം, ക്ഷേമ സംവിധാനങ്ങള്‍ തുടങ്ങിയവ സംയോജിപ്പിച്ചുള്ള പോളിസിയാണിത്. 61 വയസിനു മുകളിലുമുള്ള വ്യക്തികളുടെ വ്യത്യസ്തമായ ആരോഗ്യ പരിരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം തയ്യാറാക്കിയതാണ് ടാറ്റാ എഐജി എല്‍ഡര്‍ കെയര്‍.

മുതിര്‍ന്ന പൗരന്‍മാര്‍ക്കായുളള ആരോഗ്യ ഇന്‍ഷൂറന്‍സ് അവരുടെ ആരോഗ്യ അടിയന്തരാവസ്ഥകള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം അവരുടെ ചെലവുകള്‍ നിയന്ത്രിക്കാനും സഹായകമാകും. പ്രായമാകുന്നതോടെ ആരോഗ്യ സംരക്ഷണ ചെലവുകള്‍ വര്‍ധിക്കുന്ന പ്രവണതയാണുള്ളത്. മെഡിക്കല്‍ ചെലവുകളും വര്‍ധിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അനുയോജ്യമായ പ്രത്യേകമായ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുടെ ആവശ്യമാണ് ഇതിലൂടെ ഉടലെടുക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ചെലവുകള്‍ നേരിടാന്‍ വഴിയൊരുക്കുന്ന രീതിയിലാണ് ടാറ്റാ എഐജി എല്‍ഡര്‍ കെയര്‍ അവതരിപ്പിച്ചിരിക്കുന്നത്.

മുതിര്‍ന്ന പൗരന്‍മാര്‍ പ്രതീക്ഷിക്കാത്തതും അതേസമയം അവരുടെ പ്രായത്തില്‍ ആവശ്യമായി വന്നേക്കാവുന്നതുമായ നിരവധി മെഡിക്കല്‍ സേവനങ്ങളാണ് ടാറ്റാ എഐജി എല്‍ഡര്‍ കെയര്‍ പോളിസിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗം ഭേദമാക്കുന്നതിനുള്ള പരിരക്ഷകളില്‍ മാത്രമല്ല ടാറ്റാ എഐജി എല്‍ഡര്‍ കെയര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രതിരോധ, അസിസറ്റഡ് ഹെല്‍ത്ത് കെയറിലും ശ്രദ്ധ വെയ്ക്കുന്നു. ഇതിനു പുറമെ ക്ലെയിമുകള്‍ കണക്കിലെടുക്കാതെ തന്നെ നിര്‍ദ്ദിഷ്ട സ്‌പെഷാലിറ്റികളില്‍ വാര്‍ഷിക പ്രതിരോധ ആരോഗ്യ കണ്‍സള്‍ട്ടേഷനുകളും പോളിസി ലഭ്യമാക്കുന്നുണ്ട്. മോശം സാഹചര്യങ്ങളില്‍ കമ്പാഷനേറ്റ് പരിചരണ സംവിധാനവും ലഭ്യമാണ്.

മുതിര്‍ന്ന പൗരന്‍മാരോടുള്ള പ്രതിബദ്ധതയുടെ സാക്ഷ്യപത്രമായി ടാറ്റാ എഐജി എല്‍ഡര്‍ കെയര്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ആവേശമുണ്ടെന്ന് ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ നീലേഷ് ഗാര്‍ഗ് പറഞ്ഞു. അനുകമ്പ, പുതുമ, സമഗ്ര പരിരക്ഷ എന്നിവയുടെ മിശ്രിതമായ ഈ പോളിസി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ക്ഷേമവും സൗകര്യവും ഉറപ്പാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റാ എഐജി എല്‍ഡര്‍ കെയറിനെ മറ്റ് ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന മുഖ്യ സവിശേഷതകളിലൊന്നാണ് ഹോം നഴ്‌സിങ് സേവനങ്ങള്‍. ഇന്‍ഷൂര്‍ ചെയ്യപ്പെട്ട വ്യക്തിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണത്തിന്റെ ഭാഗമായി ഒരു പോളിസി വര്‍ഷത്തില്‍ ഏഴു ദിവസം വീട്ടില്‍ നഴ്‌സിങ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. അപ്പോയ്‌മെന്റുകള്‍ നിശ്ചയിക്കുന്നതിനും സേവനങ്ങള്‍ സംയോജിപ്പിക്കുന്നതിനും ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പരിചരണങ്ങള്‍ തടസങ്ങളില്ലാത്ത തേടുന്നതിനുമെല്ലാമായി ഡെഡിക്കേറ്റഡ് ഹെല്‍ത്ത് മാനേജറുടെ സേവനവും ലഭിക്കും

കൂടാതെ, സന്ധി മാറ്റിവെക്കല്‍, സ്‌ട്രോക്ക്, പാരാലിസിസ് തുടങ്ങിയവ ഉണ്ടായാല്‍ ഇന്ത്യയ്ക്കുള്ളില്‍ പത്തു ദിവസം വരെയുള്ള വീട്ടിലെ ഫിസിയോതെറാപി സെഷനുകള്‍ ഇന്‍ഷൂര്‍ ചെയ്ത വ്യക്തിക്കു പ്രയോജനപ്പെടുത്താനാകും. ഇന്‍ഷൂര്‍ ചെയ്ത വ്യക്തിക്ക് തങ്ങളുടെ കസ്റ്റമര്‍ ആപ്പിലൂടെ വെല്‍നെസ് സേവനങ്ങളും ഉപയോഗിക്കാം.