എല്‍ജിബിടിക്യൂഐഎപ്ലസ് കമ്മ്യൂണിറ്റിക്ക് ഗ്രൂപ്പ് മെഡികെയര്‍ ലഭ്യമാക്കാന്‍ ആക്‌സിസ് ബാങ്ക് – ടാറ്റാ എഐജി സഹകരണം

Posted on: December 16, 2022

കൊച്ചി: എല്‍ജിബിടിക്യൂഐഎപ്ലസ് സമൂഹത്തില്‍ പെട്ട പുതിയ ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് മെഡികെയര്‍ പദ്ധതികള്‍ നല്‍കാന്‍ ആക്‌സിസ് ബാങ്ക് ടാറ്റാ എഐജി ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിക്കും. ഒരേ ലിംഗത്തില്‍ പെട്ട പങ്കാളികള്‍ക്ക് ജിഎസ്ടി അടക്കം 1999* രൂപയ്ക്ക് 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് ആക്‌സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്കു മാത്രമായി ലഭ്യമാക്കുക.

എല്‍ജിബിടിക്യുഐഎപ്ലസ് സമൂഹത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ള ബാങ്കിന്റെ നീക്കങ്ങള്‍ 2021-ല്‍ പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായാണ് ഇത്. ഒരേ ലിംഗത്തില്‍ പെട്ട പങ്കാളികള്‍ക്ക് ജോജിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാനും പരസ്പരം നോമിനി ആക്കുവാനും എല്ലാമുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് ഇതിലൂടെ അവസരം നല്‍കിയിരുന്നു. പുതിയ നീക്കത്തിലൂടെ ഒരേ ലിംഗത്തില്‍ പെട്ട പങ്കാളികള്‍ക്ക് വൈദ്യ പരിരക്ഷാ ആവശ്യങ്ങളില്‍ പങ്കാളികള്‍ക്കു പരിരക്ഷ ഉറപ്പാക്കാനാവും. വൈവാഹിക സ്ഥിതി അടക്കമുളളവ പരിഗണിക്കാതെ ഇതു നേടാനുമാകും.

എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്ന തങ്ങളുടെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ആക്‌സിസ് ബാങ്ക് പ്രൈവറ്റ്, പ്രീമിയം ബാങ്കിംഗ്, തേര്‍ഡ് പാര്‍ട്ടി പ്രൊഡക്ട്‌സ് വിഭാഗം മേധാവിയും ഇവിപിയുമായ സതീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ലൈംഗിക ആഭിമുഖ്യം കണക്കിലെടുക്കാതെ എല്ലാ മനുഷ്യര്‍ക്കും മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമാണെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ടാറ്റാ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കണ്‍സ്യൂമര്‍ ബിസിനസ് പ്രസിഡന്റ് പരാഗ് വേദ് പറഞ്ഞു.