സൗത്ത് ഇന്ത്യന്‍ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സുമായി കൈകോര്‍ക്കുന്നു

Posted on: April 8, 2023

കൊച്ചി : ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സുമായി പരസ്പര സഹകരണത്തിന് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ, ഇന്ത്യയിലുടനീളമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും അവയുടെ പരിരക്ഷയും ലഭ്യമാകും. വ്യക്തിഗത അപകട പരിരക്ഷ, ഭവന-വസ്തു ഇന്‍ഷുറന്‍സ്, കര്‍ഷക സംരക്ഷണം, ഇഎംഐ ഇന്‍ഷുറന്‍സ്, ഗൃഹ പരിരക്ഷ, ആരോഗ്യ പരിരക്ഷ തുടങ്ങിയ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളാണ് ലഭിക്കുക.

‘ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ വിശ്വാസ്യതയെ കൂടുതലായി ആശ്രയിക്കുന്ന ഒരു ബാങ്കാണ്. അതിനാല്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ നല്‍കുവാനാണ് ഞങ്ങളുടെ ശ്രമം. ഇന്‍ഷുറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജ്യത്തുടനീളം അവബോധം വര്‍ധിച്ചുവരുന്ന വേളയില്‍ തന്നെയാണ് ഈ പങ്കാളിത്തം യാഥാര്‍ത്ഥ്യമായിരിക്കുന്നത്,’ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള ഈ ബാങ്കഷ്വറന്‍സ് പങ്കാളിത്തം എസ്എംഇ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും ബാങ്കിന്റെ റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ക്ക് നൂതന ഇന്‍ഷുറന്‍സ് പരിരക്ഷകളും ലഭ്യമാക്കാന്‍ തങ്ങളെ സഹായിക്കുമെന്ന് ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടര്‍ സൂര്യനാരായണന്‍ വി. പറഞ്ഞു.

ഒമ്പത് പതിറ്റാണ്ടിലേറെ കാലത്തെ പാരമ്പര്യമുള്ള എസ്‌ഐബി രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്ന ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയും നൂതന ഉത്പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ചും എസ്‌ഐബി അതിവേഗം ഇന്ത്യയിലുടനീളം ഉപഭോക്തൃ ശൃംഖല വിപൂലീകരിച്ചുകൊണ്ടിരിക്കുകയാണ്.

ലൈഫ്, ആരോഗ്യം, ജനറല്‍ എന്നീ ഓരോ വിഭാഗങ്ങളിലും ഒമ്പത് പങ്കാളികളുമായി സഹകരിക്കാന്‍ കോര്‍പറേറ്റ് ഏജന്റുമാര്‍ക്ക് അവസരമൊരുക്കുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ 2022 നവംബറിലാണ് ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി പുറപ്പെടുവിച്ചത്.

രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപനത്തേയും വളര്‍ച്ചയേയും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ദീര്‍ഘകാല സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുപ്രകാരം വിപണിയിലുള്ള വൈവിധ്യമാര്‍ന്ന നിരവധി ഇന്‍ഷുറന്‍സ് സേവനങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പരിരക്ഷ തിരഞ്ഞെടുക്കാനും അറിഞ്ഞ് തീരുമാനമെടുക്കാനും അവസരം ലഭിക്കുന്നു.