മെഡിസെപ്പിന് കുറഞ്ഞ പ്രീമിയവുമായി ഓറിയന്റൽ ഇൻഷുറൻസ്

Posted on: April 10, 2021

ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് മെഡിസെപ്പ് പദ്ധതിയുടെ പ്രീമിയം ഉയരും. നിലവില്‍ പ്രതിമാസം 300 രൂപ കണക്കില്‍ ഒരുവര്‍ഷത്തേക്ക് 3,600 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഇത് മാസം 400 രൂപയായി വര്‍ധിക്കും.

പദ്ധതിനടത്തിപ്പിനു മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളാണ് ടെന്‍ഡര്‍ നല്‍കിയത്. ഏറ്റവുംകുറഞ്ഞ വാര്‍ഷികപ്രീമിയം (4,800 രൂപ) ആവശ്യപ്പെട്ട് പദ്ധതി നടത്തിപ്പിന് സന്നദ്ധത അറിയിച്ചിരിക്കുന്നത് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ്. സര്‍ക്കാര്‍ ഈ ടെന്‍ഡര്‍ അംഗീകരിച്ചാല്‍ 11 ലക്ഷത്തോളം ഗുണഭോക്താക്കളില്‍നിന്ന് മാസം 400 രൂപവീതം ഈടാക്കണം.

രണ്ടുപ്രാവശ്യം കരാര്‍ ക്ഷണിച്ചെങ്കിലും നടപ്പാക്കാത്ത പദ്ധതി ഈ മാസം ഒന്നാംതീയതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കുകയായിരുന്നു. എന്നാല്‍, നടപടിക്രമങ്ങളെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ കോടതിയിലേക്കു നീണ്ടതോടെ പദ്ധതിനടത്തിപ്പ് വീണ്ടും വൈകി.

മൂന്നുവര്‍ഷത്തെ കാലാവധിയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനാണു കരാര്‍ ക്ഷണിച്ചിട്ടുള്ളത്. ഗുണഭോക്തൃകുടുംബത്തിന് വര്‍ഷം മൂന്നുലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. ഇതില്‍ ഒന്നരലക്ഷം രൂപ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ലാപ്‌സാകും. ബാക്കി ഒന്നരലക്ഷംരൂപ അടുത്തവര്‍ഷത്തെ ആകെ ഇന്‍ഷുറന്‍സ് തുകയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ക്കും. ഇതിനൊപ്പം അവയവമാറ്റം ഉള്‍പ്പെടെയുള്ള ചികിത്സയ്ക്കായി പ്രത്യേകസഹായം ലഭിക്കും. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനി 35 കോടിയുടെ കരുതല്‍ധനം നിക്ഷേപിക്കണം.

സര്‍ക്കാര്‍മേഖലയിലെ റഫറല്‍ ആശുപത്രികളെല്ലാം മെഡിസെപ്പ് പരിധിയില്‍ ഉള്‍പ്പെടും. വന്‍കിട സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കരാറില്‍ നിര്‍ദേശമുണ്ട്.