കോവിഡ് 19 പരിരക്ഷയുമായി സ്റ്റാര്‍ ഹെല്‍ത്ത്

Posted on: March 21, 2020

കൊച്ചി: കോവിഡ് 19 പരിരക്ഷ ഉറപ്പാക്കുന്നതിനായി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്.  ”സ്റ്റാര്‍ നോവല്‍ കൊറോണവൈറസ് പോളിസി” എന്ന പേരില്‍ പുതിയ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. കോവിഡ് 19 ബാധിതരാവുകയും ചികിത്സക്കായി ആസ്പത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ടാണിത്.

സര്‍ക്കാര്‍ അംഗീകൃത പരിശോധനയില്‍ പോസിറ്റീവ് ആയി കണ്ടെത്തുകയും ആശുപത്രിയില്‍ തുടര്‍ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന 18 മുതല്‍ 65 വയസു വരെ പ്രായമുള്ളവര്‍ക്ക് സ്റ്റാര്‍ നോവല്‍ കൊറോണ വൈറസ് പോളിസി ആനുകൂല്യം ലഭിക്കും. വിദേശ യാത്രയുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതിനായി പോളിസി ഉടമകള്‍ നല്‍കേണ്ടതില്ല.

രണ്ടു വിഭാഗങ്ങളിലായാണ് പോളിസി ലഭ്യമാക്കുക. 21,000 രൂപയുടെ പോളിസിക്ക് 459 രൂപയും ജി.എസ്.ടിയും 42,000 രൂപയുടെ പോളിസിക്ക് 918 രൂപയും ജി.എസ്.ടിയും പ്രീമിയമായി അടയ്ക്കണം. 65 വയസ് വരെ പ്രായമുള്ള ആര്‍ക്കും സ്റ്റാര്‍ ഹെല്‍ത്തിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ കമ്പനിയുടെ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ വഴിയോ പ്രീമെഡിക്കല്‍ സ്‌ക്രീനിങിന് വിധേയരാകാതെ തന്നെ പോളിസി വാങ്ങാം.

തങ്ങളുടെ കൊറോണ വൈറസ് പോളിസി, കോവിഡ് 19 ബാധിച്ചവര്‍ക്ക് അവരുടെ ആസ്പത്രി ചെലവുകള്‍ക്കായി ഒരു വലിയ തുക നല്‍കുന്നതിന് സഹായിക്കുമെന്ന് പുതിയ പോളിസിയെ കുറിച്ച് സംസാരിച്ച സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു. കോവിഡ് 19 ലോകാരോഗ്യസംഘടന ഒരു മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ ഈ വൈറസില്‍ നിന്ന് സ്വയം പരിരക്ഷിക്കേണ്ടത് ആവശ്യമാണെന്നും ആനന്ദ് റോയ് കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെല്ലാം കോവിഡ് 19നെതിരെയുള്ള ചികിത്സ ഉള്‍ക്കൊള്ളുന്നുണ്ടെന്നും സ്റ്റാര്‍ ഹെല്‍ത്ത് അറിയിച്ചു.