ഐ-സെര്‍വ് വീഡിയോ അധിഷ്ഠിത സേവനവുമായി ബജാജ് അലയന്‍സ് ലൈഫ്

Posted on: October 18, 2019

കൊച്ചി: സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തി ബജാജ് അലയന്‍സ് ലൈഫ് വീഡിയോ അധിഷ്ഠിത ഉപഭോക്തൃ സേവനങ്ങള്‍ ആരംഭിച്ചു. ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും പ്രതികരണങ്ങള്‍ നല്‍കി അവരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഐ-സെര്‍വ് എന്ന പേരിലുള്ള ഈ വീഡിയോ കോളിംഗ് സേവനം ലൈഫ് ഇന്‍ഷൂറന്‍സ് വ്യവസായ രംഗത്തു തന്നെ ആദ്യത്തേതാണ്.

ബ്രാഞ്ചിലേക്ക് എത്തുന്ന ഉപഭോക്താവ് വീഡിയോ കിയോസ്‌ക്കിലേക്ക് നീങ്ങുമ്പോള്‍ ബജാജ് അലയന്‍സ് ലൈഫ് ഉപഭോക്തൃ സേവന പ്രതിനിധിയുമായുള്ള വീഡിയോ കോളില്‍ കണക്ട് ചെയ്യുന്നതാണ് ഈ സംവിധാനം. 112 പട്ടണങ്ങളിലായുള്ള 125 ബ്രാഞ്ചുകളിലും ഈ സേവനം ലഭ്യമാണ്.

തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെടുമ്പോള്‍ അതിനൊരു മാനുഷിക മുഖം നല്‍കാനാണ് ഈ ഡിജിറ്റല്‍ യുഗത്തിലും തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയന്‍സ് ലൈഫിന്റെ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ്, ഓപറേഷന്‍സ് വിഭാഗം മേധാവി കയ്‌സാദ് ഹിരാമെനെക് പറഞ്ഞു. ഈ ദിശയിലുള്ള പുതിയ ചുവടു വെയ്പാണ് ഐ-സെര്‍വന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിന്യൂവല്‍ പ്രീമിയം അടക്കുന്നതു പോലുള്ള സാമ്പത്തിക ഇടപാടുകളും ഇതിലൂടെ നടത്താനാവും. യൂലിപ് പോളിസികളുടെ മൂല്യം പരിശോധിക്കുക, പരാതികള്‍ നല്‍കുക, വ്യക്തിഗത വിവരങ്ങള്‍ പുതുക്കുക തുടങ്ങിയവയും ഇതിലൂടെ നടത്താനാവും.