ഇന്ത്യാ ലൈഫ് ഗോള്‍ പ്രിപ്പയേര്‍ഡ്‌നെസ് സര്‍വേ 2019 ഫലം പുറത്തുവിട്ട് ബജാജ് അലയന്‍സ് ലൈഫ്

Posted on: June 29, 2019

കൊച്ചി: രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ,് മെട്രോകള്‍ ഉള്‍പ്പെടെ രാജ്യത്തെ 13 നഗരങ്ങളില്‍ നടത്തിയ ഇന്ത്യാ ലൈഫ് ഗോള്‍ പ്രിപ്പയേര്‍ഡ്‌നെസ് സര്‍വേ 2019 ഫലം പുറത്തുവിട്ടു. ഇന്ത്യക്കാരുടെ ജീവിതലക്ഷ്യങ്ങള്‍, അഭിലാഷങ്ങള്‍ തുടങ്ങിയവ എന്തൊക്കെയാണ്, അവ നേടുവാന്‍ എങ്ങനെയാണ് അവര്‍ തയാറെടുക്കുന്നത് എന്നിവയെക്കുറിച്ച് ഇത്തരത്തിലൊരു സര്‍വേ രാജ്യത്ത് ആദ്യമായാണ് നടത്തുന്നത്. നൂറ്റിയമ്പതോളം ലക്ഷ്യങ്ങളും അഭിലാഷങ്ങളും സര്‍വേയില്‍ രേഖപ്പെടുത്തുകയുണ്ടായി.

സര്‍വേ ഫലം അനുസരിച്ച് പത്ത് ഇന്ത്യക്കാരിലൊരാള്‍ സംരഭകന്‍ ആകുവാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ സമാന്തരമായി ഒരു കരിയര്‍ കൂടി മുന്നോട്ടു കൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നു. മറ്റു വാക്കില്‍ പറഞ്ഞാല്‍ പുതിയ തലമുറയില്‍പ്പെട്ടവര്‍ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കുന്നതിനേക്കാള്‍ റിസ്‌ക് എടുത്ത് പുതിയ സംരംഭങ്ങള്‍ പരീക്ഷിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ്. മാത്രവുമല്ല, സംരംഭത്തിനപ്പുറത്ത്, ആരോഗ്യം, കായികക്ഷമത, യാത്ര തുടങ്ങിയ നിരവധി പാരമ്പര്യേത ലക്ഷ്യങ്ങള്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്.

റിട്ടയര്‍മെന്റുമായി ബന്ധിപ്പിച്ചുള്ള ജീവിത ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യക്കാര്‍ മുന്‍ഗണന നല്‍കുന്നുവെന്നു സര്‍വേ പറയുന്നു. അഞ്ചുപേരില്‍ രണ്ടുപേര്‍ക്കും (മെട്രോകളില്‍ രണ്ടിലൊരാള്‍) റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ ഉണ്ട്. പുതുതലമുറയുടെ അഞ്ചു മുന്‍നിര ജീവിത ലക്ഷ്യങ്ങളില്‍ ഒന്നാണ് റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ട ലക്ഷ്യം. ഇതില്‍തന്നെ 42 ശതമാനത്തിന്റെ ജീവിത ലക്ഷ്യം തന്നെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ടതാണ്. മെട്രോകളിലെ അഞ്ചിലൊന്നിലധികം പേര്‍ സമ്പന്നരായി റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു.
റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ടുള്ള ലക്ഷ്യത്തിനായി 80 ശതമാനം പേരും ആശ്രയിക്കുന്നത് ലൈഫ് ഇന്‍ഷുറന്‍സിനെയാണ്. സ്വപ്ന ഭവന ലക്ഷ്യത്തിനായി 57 ശതമാനം പേര്‍ ആശ്രയിക്കുന്നത് പാരമ്പര്യ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളേയും യുലിപ്പുകളേയുമാണ്. യാത്രാ ലക്ഷ്യത്തിനായി 53 ശതമാനം പേരും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 55 ശതമാനം പേരും ലൈഫ് ഇന്‍ഷുറന്‍സിനെയാണ് ആശ്രയിക്കുന്നത്.
മൂന്നിലൊരാള്‍ ആരോഗ്യ-ശാരീരകക്ഷമത കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധനല്‍കുന്നു. ഇന്ത്യക്കാരുടെ പത്തു മുന്‍നിര ജീവിത ലക്ഷ്യങ്ങളിലൊന്നാണ് ആരോഗ്യവും ശാരീരകക്ഷമതയും.

യാത്ര ഇന്ത്യക്കാരുടെ മുഖ്യ ലക്ഷ്യങ്ങളിലേക്കു കടന്നുവന്നിരിക്കുകയാണെന്നു സര്‍വേ പറയുന്നു. വിദേശത്തേയ്‌ക്കോ മനോഹരമായ സ്ഥലങ്ങളിലേക്കോ യാത്ര നടത്താന്‍ നാലിലൊരാള്‍ ആഗ്രഹിക്കുന്നു.
ജീവിതവും ജോലിയും സന്തുലനമാക്കി കൊണ്ടുപോകുവാനാണ് രണ്ടിലൊരാള്‍ വീതം ആഗ്രഹിക്കുന്നത്. ജീവിതത്തിലെ തീവ്രമായ ആഗ്രഹങ്ങള്‍ പരിപോഷിപ്പിക്കുവാനും സമാധാനപരമായ ജീവിതം നയിക്കുവാനും രണ്ടിലൊരാള്‍ വീതം ആഗ്രഹിക്കുന്നു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പുതുജീവിത ലക്ഷ്യമായി ഉയര്‍ന്നുവന്നിട്ടുണ്ട്. സമൂഹത്തിന് എന്തെങ്കിലും തിരിച്ചു നല്‍കുവാന്‍ അഞ്ചിലൊരാള്‍ ആഗ്രഹിക്കുന്നു. തൊഴിലവസരം സൃഷ്ടിക്കുക, മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ സഫലീകരിക്കുവാന്‍ സഹായിക്കുക, മറ്റുള്ളവര്‍ക്ക് അറിവു പകര്‍ന്നു നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പലരും ഉദ്ദേശിക്കുന്നത്.
കാഴ്ച്ചപ്പാട് മാറുന്നു

ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വലിയ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നു ഈ സര്‍വേ വ്യക്തമാക്കുന്നു. പഴയ തലമുറയുടെ ജീവിത ലക്ഷ്യങ്ങളല്ല പുതിയ തലമുറയുടേത്. പൊതുവേ തങ്ങളുടെ ജീവിതത്തെ സമ്പുഷ്ടമാക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യക്കാരുടേത്. പ്രത്യേകിച്ചും സ്ത്രീകള്‍ ഈ കാഴ്ചപ്പാടാണ് വച്ചു പുലര്‍ത്തുന്നത്. ജോലിയും ജീവിതവും സന്തുലിതമായിക്കൊണ്ടുപോകുന്ന വിധത്തില്‍ ജീവിത ലക്ഷ്യങ്ങള്‍ സെറ്റു ചെയ്യാനാണ് സ്ത്രീകള്‍ ശ്രമിക്കുന്നതെന്ന് സര്‍വേ പറയുന്നു.

പുരുഷന്മാരെ അപേക്ഷിച്ച് യാത്ര, ആരോഗ്യം, ശാരീരിക ക്ഷമത തുടങ്ങിയവയ്ക്ക് സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നവെന്ന് സര്‍വേ വ്യക്തമാക്കുന്നു. സ്ത്രീകളില്‍ യാത്ര ലക്ഷ്യമാക്കുന്നവര്‍ 34 ശതമാനമാണെങ്കില്‍ പുരുഷന്മാരിലിത് 27 ശതമാനമാണ്. ആരോഗ്യം, കാര്യക്ഷമത എന്നിവയ്ക്ക് അഞ്ചില്‍ രണ്ടു സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നു. രണ്ടിലൊരാള്‍ സന്തുലനമായ ജീവിതം ലക്ഷ്യമിടുന്നുവെന്ന് സര്‍വേ പറയുന്നു.
കുട്ടികളുടെ വിദ്യാഭ്യാസം, വീട് വാങ്ങല്‍, ആഢംബര കാര്‍ വാങ്ങല്‍ തുടങ്ങിയ പാരമ്പര്യ ജീവിത ലക്ഷ്യങ്ങളാണ് പൊതുവേ കുടുംബങ്ങളേയും സമൂഹത്തേയും സ്വാധീനിച്ചിട്ടുള്ളത്. കുടുംബവും സുഹൃത്തുക്കളുമാണ് 50 ശതമാനം പേരുടേയും ജീവിത ലക്ഷ്യങ്ങള്‍ക്കു പ്രേരണയാകുന്നത്. മുതിര്‍ന്നവരുടെ സ്വാധീനം 33 ശതമാനമാണ്. പിതൃതുല്യര്‍, ഗുരുക്കന്മാര്‍ എന്നിവരാണ് 19 ശതമാനത്തെ സ്വാധീനിക്കുന്നതെന്നും സര്‍വേ കണ്ടെത്തി.

ആത്മവിശ്വാസം, അറിവ്, ധനകാര്യാസൂത്രണം തുടങ്ങിയവയെ അടിസ്ഥാനമാക്കി തയാറാക്കിയ ബജാജ് അലയന്‍സ് ലൈഫ് ഇന്ത്യാസ് ലൈഫ്‌ഗോള്‍സ് പ്രിപ്പയേര്‍ഡ്്‌നെസ് സൂചിക 53 ആണ്.
”ശാസ്ത്രീയവും ആഴത്തിലുള്ളതുമായ ഈ സര്‍വേയുടെ ഫലങ്ങള്‍ ബിസിനസ് തന്ത്രം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനുള്ള സാധ്യതയേറെയാണ്. ജീവിത ലക്ഷ്യങ്ങള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്നും പുതുതലമുറ പാരമ്പര്യേതര ജീവിത ലക്ഷ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും ഈ സര്‍വേ ഉള്‍ക്കാഴ്ച നല്‍കുന്നു. മാത്രവുമല്ല, രസകരമായ മറ്റു കാര്യങ്ങളുമുണ്ട് സര്‍വേയില്‍. യാത്ര, ആരോഗ്യം, കായിക ക്ഷമത തുടങ്ങിയ കാര്യങ്ങള്‍ പുതുതലമുറയിലെ സ്ത്രീകളുടെ ലക്ഷ്യങ്ങളിലേക്കു കടന്നുവന്നിരിക്കുന്നു,” ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ് സര്‍വേ വിവരങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യയുടെ ജീവിത ലക്ഷ്യങ്ങള്‍ മനസിലാക്കാന്‍ ആഗ്രഹിക്കുന്ന മറ്റു ബ്രാന്‍ഡുകള്‍ക്കും ഞങ്ങളുടെ ഈ സര്‍വേ വളരെ പ്രയോജനപ്രദവും മുല്യവത്തുമായിരിക്കും, ചുഗ് കൂട്ടിച്ചേര്‍ക്കുന്നു.

TAGS: Bajaj Alianz |