സംയുക്ത സംരംഭങ്ങളുമായി ഐഡിബിഐ ബാങ്കും എല്‍ഐസിയും

Posted on: May 24, 2019

മുംബൈ: എല്‍ഐസിയുടെ എല്ലാ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളും ഐഡിബിഐ ബാങ്ക് തങ്ങളുടെ 1.80 കോടിയിലധികം വരുന്ന ഇടപാടുകാര്‍ക്ക് ലഭ്യമാക്കും. പോളിസികളുടെ വിപണനത്തിനായി എല്‍ഐസിയുമായി ഐഡിബിഐ ബാങ്ക് സര്‍വീസ് ലെവല്‍ കരാര്‍ വച്ചു. ബാങ്കിന് രാജ്യത്തൊട്ടാകെ 1800-ലധികം ശാഖകളുണ്ട്.

ഐഡിബിഐ ബാങ്കിന്റേയും എല്‍ഐസിയുടേയും ബിസിനസ് സംയോജനത്തിന്റേ ഭാഗമായിട്ടുകൂടിയാണ് പുതിയ കരാര്‍ വയ്ക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 26,116 പോളിസി നല്‍കി 160 കോടിരൂപ പ്രീമിയം നേടിക്കൊണ്ടാണ് ഐഡിബിഐ ബാങ്ക് ‘ബാങ്ക’ ബിസിനസ് ആരംഭിച്ചിട്ടുള്ളത്.

ഗുണമേന്മയുള്ള സേവനം നല്‍കുന്നതിനു എല്‍ഐസിയെ സഹായിക്കുവാനായി എല്‍ഐസി കണക്ട് എന്ന പേരില്‍ സമഗ്ര കറന്റ് അക്കൗണ്ടും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. പ്രീമിയം കളക്ഷന്‍, പേമന്റ്, ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങളാണ് എല്‍ഐസി കണക്ടില്‍ ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. പ്രീമിയം പുതുക്കല്‍, കളക്ഷന്‍ തുടങ്ങിയവയ്ക്കായി ബാങ്കിന്റെ ശാഖകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

എല്‍ഐസിയിലെ ജീവനക്കാര്‍ക്കു മാത്രമായി പ്രത്യേക വായ്പാ പദ്ധതിയും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ കുറഞ്ഞ നിരക്കില്‍ ജീവനക്കാര്‍ക്ക് ബാങ്ക് ലഭ്യമാക്കും. പതിനൊന്നു ലക്ഷം വരുന്ന എല്‍ഐസിയുടെ ഏജന്റുമാര്‍ക്കും ആകര്‍ഷകമായ നിരക്കില്‍ വായ്പ നല്‍കും. മികച്ചവരെ ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റുമാരായി എടുക്കുവാനും ഉദ്ദേശിക്കുന്നു.

എല്‍ഐസിയും ഐഡിബിഐ ബാങ്കും സംയുക്തമായി എടുത്തിട്ടുള്ള ഈ നടപടികള്‍ വഴി ബോട്ടം ലൈനിലേക്ക് 1000 കോടി രൂപ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാകേഷ് ശര്‍മ പറഞ്ഞു.
ബിസിനസ് സംയോജനം നടപ്പിലാക്കാനും ‘ബാങ്ക’ ബിസിനസ് ലക്ഷ്യം നേടാനുമായി എല്‍ഐസിയും ഐഡിബിഐയും ചേര്‍ന്ന് കര്‍മസമിതിക്കും ബാങ്ക സ്റ്റീയറിംഗ് കമ്മറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.

TAGS: IDBI |