ഗര്‍ഭകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍

Posted on: February 17, 2024

ഗര്‍ഭിണികള്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് എന്ത് ഭക്ഷണങ്ങള്‍ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നത് പ്രാധാന്യത്തോടെ കാണേണ്ടതാണ്.

ഒരു കുട്ടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിക്കേണ്ടത് പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. അതിനാല്‍ തന്നെ ഗര്‍ഭകാലത്ത് നമ്മുടെ ഭക്ഷണക്രമം വളരെ അധികം ശ്രദ്ധ നല്‍കേണ്ട ഒന്നാണ്.

ഗര്‍ഭിണികള്‍ അവര്‍ക്കിഷ്ടമുള്ളതെന്തും കഴിക്കണം എന്ന് പ്രായമായവര്‍ പറ യുന്നത് ദോഷമേ ചെയ്യൂ. ഇഷ്ടമുള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ തടി കൂടുന്നതോടൊപ്പം ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ ഗര്‍ഭിണിയുടെ ഭക്ഷണം കൂടുതല്‍ പോഷകസമൃദ്ധവും സമീകൃതവുമായിരിക്കാന്‍ ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍ ദിവസവും കുറഞ്ഞത് 2000 കാലറി കഴിക്കണം.

പ്രോട്ടീന്‍, വിറ്റാമിനുകളും ധാതുക്കളും,ആരോഗ്യകരമായ കൊഴുപ്പ്,സങ്കീര്‍ണ്ണ കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകളും ദ്രാവകങ്ങളും തുടങ്ങിയവ ഗര്‍ഭകാലത്ത് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ് .

ഇലക്കറികള്‍

ഇലക്കറികള്‍ ഫോളേറ്റ്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ പ്രധാന പോഷകങ്ങളാല്‍ സമ്പന്നമാണ്. ഗര്‍ഭകാലത്ത് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു. ഇവയില്‍ ഫോളിക് ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും ഒരു പരിഹാരവുമാകും.

പാലുല്‍പ്പന്നങ്ങള്‍

കാല്‍സ്യത്തിന്റെ മികച്ച സ്രോതസ്സാണ് പാലുല്‍പ്പന്നങ്ങള്‍. പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പെടുത്തേണ്ടതാണ്. ഗര്‍ഭിണികള്‍ ദിവസവും ഒരു ഗ്ലാസ് പാലെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹമുള്ളവര്‍ പാട മാറ്റിയ പാല്‍ വേണം കുടിക്കാന്‍.

പഴങ്ങള്‍

പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും നല്‍കുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

ചിക്കന്‍, മീന്‍, മുട്ട

പ്രോട്ടീന്‍ സ്രോതസ്സുകളായ ചിക്കന്‍, മീന്‍ എന്നിവ ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ബി 12 എന്നിവ പോലുള്ള പ്രധാന പോഷകങ്ങള്‍ നല്‍കുന്നു. മുട്ട കഴിക്കുന്നതിലൂടെ ഉയര്‍ന്ന അളവില്‍ കാത്സ്യവും പ്രോട്ടീനും ശരീരത്തിലെത്തുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും പ്രോട്ടീന്റെ അളവ് അമ്മയുടെ ശരീരത്തിലെത്തേണ്ടത് ആവശ്യമാണ്.

ധാന്യങ്ങള്‍

ആരോഗ്യകരമായ ദഹനം പ്രോത്സാഹിപ്പിക്കാന്‍ കഴിയും. നാരുകള്‍, പ്രോട്ടീന്‍, ഇരുമ്പ്, ഫോളേറ്റ്, കാല്‍സ്യം എന്നിവ ഗര്‍ഭകാലത്ത് നമ്മുടെ ശരീരത്തിന് വളരെ ആവശ്യമുള്ളതാണ്. ഡോക്ടറിന്റെ നിര്‍ദേശപ്രകാരം മറ്റ് വിറ്റാമിന്‍ സപ്ലിമെന്റ്‌സ് കഴിക്കാവുന്നതാണ് . ഓട്‌സ്, ക്വിനോവ എന്നിവ പോലുള്ള ചില ധാന്യങ്ങളില്‍ ആവശ്യമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികളില്‍ പലപ്പോഴും കുറവുള്ള ബി വിറ്റാമിനുകള്‍, ഫൈബര്‍, മഗ്‌നീഷ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടണ്ട് .

കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളുടെയും ഉപയോഗം, എത്ര കുറഞ്ഞ അളവിലാണ് കഴിക്കുന്നതെങ്കിലും മദ്യം, പൈനാപ്പിള്‍, പപ്പായ പോലുള്ള പഴങ്ങള്‍ പുകവലി തുടങ്ങിയവ ഒഴിവാക്കാം.

തയ്യാറാക്കിയത്: ഡോ. ഉമ്മുസല്‍മ ടി – സ്‌പെഷ്യലിസ്റ്റ്, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി, ആസ്റ്റര്‍ മിംസ് വിമെന്‍ & ചില്‍ഡ്രന്‍, കോട്ടക്കല്‍