ദുബായ് എക്‌സ്‌പോയിൽ 5000 എക്‌സ്‌പോ ബ്രാൻഡഡ് ഉത്പന്നങ്ങൾ

Posted on: October 28, 2019

expo-2020-logo

ദുബായ് : ലോകം കാത്തിരിക്കുന്ന ദുബായ് എക്‌സ്‌പോയില്‍ 5000 എക്‌സ്‌പോ ബ്രാന്‍ഡഡ് ഉത്പന്നങ്ങൾ നിര്‍മിക്കും. 173 ദിവസം നീളുന്ന മാമാങ്കത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 1.5% എക്‌സ്‌പോ സംഭാവന ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 3000 കോടി ദിര്‍ഹമാണു രാജ്യം എക്‌സ്‌പോയ്ക്കായി ചെലവഴിക്കുന്നത്. 122 ബില്യൺ ദിര്‍ഹത്തിന്റെ ദീര്‍ഘകാല വരുമാന നേട്ടം ഉണ്ടാകുമെന്നാണു പ്രതീക്ഷ. വ്യോമഗതാഗതം, ഹോസ്പിറ്റാലിറ്റി, ഭക്ഷണം, നിര്‍മാണം, ഗതാഗതം, ഇവന്റ് മാനേജ്‌മെന്റ് എന്നീ മേഖലകളിലാവും എക്‌സ്‌പോ പ്രധാനമായും നേട്ടമുണ്ടാക്കുക. 2.5 കോടിയോളം സന്ദര്‍ശകര്‍ എത്തുന്നതോടെയാണ് വ്യോമഗതാഗത, ഹോസ്പിറ്റാലിറ്റി മേഖലകള്‍ നേട്ടമുണ്ടാക്കുക.

എഴുപതിനായിരത്തോളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ദുബായില്‍ നിന്ന് 158 സ്ഥലങ്ങളിലേക്കു നേരിട്ട് വിമാന സര്‍വീസുകളുണ്ട്. സന്ദര്‍ശകര്‍ ഇവിടെ നിന്നെല്ലാം എക്‌സ്‌പോയ്ക്കായി എത്തുന്നതോടെ നേട്ടമാകും. സന്ദര്‍ശകരുടെ ഒഴുക്കോടെ ഹോട്ടലുകളും അനുബന്ധ മേഖലകളും അഭിവൃദ്ധിപ്പെടും. എക്‌സ്‌പോയോടനുബന്ധിച്ച 45,000 ചതുരശ്ര മീറ്റര്‍ വലുപ്പത്തില്‍ ദുബായ് എക്‌സിബിഷന്‍ സെന്ററും നിര്‍മിക്കുന്നുണ്ട്. ഇത് ചെറിയ ഇടങ്ങളായി തിരിച്ച് ചെറു സമ്മേളനങ്ങളും വിവാഹങ്ങളും പോലും നടത്തുന്ന രീതിയിലാണ് നിര്‍മാണം. എക്‌സ്‌പോയ്ക്കു ശേഷം ഇവിടം വിപുലമാക്കി രാജ്യത്തെ ഏറ്റവും വലിയ പ്രദര്‍ശന കേന്ദ്രമാക്കി മാറ്റാനും പദ്ധതിയുണ്ട്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിനൊപ്പം തന്നെ ഇവിടെയും വമ്പന്‍ പ്രദര്‍ശനങ്ങള്‍ അരങ്ങേറും.

TAGS: Expo 2020 |