സമ്പദ്ഘടനയിലെ അപകടങ്ങളെ തിരിച്ചറിയണം : സാമ്പത്തിക സെമിനാർ

Posted on: October 23, 2019

കുവൈറ്റ് : ആധുനിക സമ്പദ്ഘടനയിൽ പതിയിരിക്കുന്ന അപകടങ്ങളെ പ്രവാസി സമൂഹം തിരിച്ചറിയണമെന്ന് ഇന്ത്യൻ ഇസ് ലാഹി സെൻറർ സംഘടിപ്പിച്ച സാമ്പത്തിക സെമിനാർ വ്യക്തമാക്കി.

നിലവിൽ ഇന്ത്യൻ സമൂഹത്തിൽ പ്രകടമായി വരുന്ന സാമ്പത്തിക മാന്ദ്യത്തെ കരുതലോടെ ഉൾകൊണ്ട് നടപടികളെടുക്കേണ്ടതുണ്ടെങ്കിലും സാഹചര്യത്തെ മുതലെടുക്കുന്ന ചൂഷണ വിഭാഗത്തെ നാം തിരിച്ചറിയേണ്ടതുണ്ടെന്ന് സെമിനാർ ആവശ്യപ്പെട്ടു. ധാർമികത കാത്തുവയ്ക്കുക എന്ന പ്രമേയത്തിൽ നടന്നു വരുന്ന ദ്വൈമാസ കാന്പയിൻറെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.

മാനവിക സമൂഹത്തിൻറെ സുസ്ഥിരമായ നിലനിൽപ്പിന് ധാർമികതയിലൂന്നിയ സാമ്പത്തിക നയം അനിവാര്യമാണെന്നും ഇസ് ലാം മുന്നോട്ടു വയ്ക്കുന്ന ധാർമിക സമ്പദ് വ്യവസ്ഥയെ സമൂഹം കൃത്യമായി അനുധാവനം ചെയ്യണമെന്നും സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച എം.എസ്.എം സംസ്ഥാന ഉപാധ്യക്ഷൻ റിഹാസ് പുലാമന്തോൾ വിശദീകരിച്ചു. സെമിനാറിൽ ‘സാമ്പത്തിക മാന്ദ്യവും പ്രവാസികളും’ എന്ന വിഷയത്തിൽ ഫിനാൻഷ്യൽ അനലിസ്റ്റ് സിബി അവിരപ്പാട്ട് സംസാരിച്ചു.

ഐഐസി പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖ് മദനി, അൻവർ സാദത്ത്, അയൂബ് ഖാൻ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.