മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്കിന് ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍

Posted on: May 19, 2023

തൃശൂര്‍ : ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് രണ്ട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. സിംഗപൂരില്‍ നടന്ന ആറാമത് ഡിജിറ്റല്‍ സിഎക്‌സ് അവാര്‍ഡ്‌സില്‍ ‘ഔട്ട്സ്റ്റാന്‍ഡിങ് ഡിജിറ്റല്‍ സിഎക്‌സ്- എസ്എംഇ ലോണ്‍സ്’ വിഭാഗത്തിലാണ് ആദ്യ പുരസ്‌കാരം. എസ്‌ഐബി നേടുന്ന രണ്ടാമത് അന്തര്‍ദേശീയ പുരസ്‌കാരമാണിത്. ബാങ്ക് അവതരിപ്പിച്ച ജിഎസ്ടി അടിസ്ഥാനമാക്കിയുള്ള അതിവേഗ ബിസിനസ് വായ്പാ ഡിജിറ്റല്‍ സേവനത്തിനാണ് ഈ പുരസ്‌കാരം. ആഗോള ധനകാര്യ വ്യവസായ രംഗത്ത് വേറിട്ട ഡിജിറ്റല്‍ ഉപഭോക്തൃ അനുഭവം സൃഷ്ടിക്കുന്നവര്‍ക്കുള്ള അംഗീകാരമായി സിംഗപൂര്‍ ആസ്ഥാനമായ ദി ഡിജിറ്റല്‍ ബാങ്കര്‍ ആണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ഇത്തവണ 13-ാമത് ഫിനോവിറ്റി അവാര്‍ഡ്‌സില്‍ എസ്‌ഐബി വീണ്ടും പുരസ്‌കാരം നേടി. കാര്‍ഷിക ഉപഭോക്താക്കള്‍ക്കു പ്രത്യേകമായി മൈക്രോ എല്‍ഒഎസ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചതിനാണ് ഈ അംഗീകാരം. ബാങ്കിങ്, ധനകാര്യ സേവന രംഗത്ത് നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉപഭോക്തൃ അനുഭവവും സേവനവും മികവുറ്റതാക്കുന്നതിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് എസ്‌ഐബി ഫിനൊവിറ്റി അവാര്‍ഡ് സ്വന്തമാക്കുന്നത്.

എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും മികച്ച ഡിജിറ്റല്‍ ബാങ്കിങ് അനുഭവം നല്‍കാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങളെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജറും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ സോണി എ. പറഞ്ഞു. ”മികച്ച ഉപഭോക്തൃ അനുഭവം സൃഷ്ടിക്കുന്നതില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നും മുന്‍പന്തിയിലാണ്. ഞങ്ങളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിശ്വാസ്യതയും സാങ്കേതികവിദ്യയും സംയോജിപ്പിച്ചുള്ളതാണ്. ഈ പുരസ്‌കാരങ്ങള്‍ കൂടുതല്‍ മികവ് പുലര്‍ത്താനുള്ള പ്രചോദനം നല്‍കുന്നു. ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ദേശീയ തലത്തിലും ആഗോള തലത്തിലും അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ട്,” അദ്ദേഹം പറഞ്ഞു.

നുതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മികച്ച ഉപഭോക്തൃ അനുഭവം സൃഷ്ടിച്ചതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇതുവരെ 50-ലധികം അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.