ഇന്ത്യയിലെ മുന്‍നിര ബിസിനസ് ടു ബിസിനസ് ലോജിസ്റ്റിക് സ്ഥാപനമായ ഡല്‍ഹിവറി സ്പോട്ടനെ ഏറ്റെടുക്കുന്നു

Posted on: August 25, 2021

കൊച്ചി : സമ്പൂര്‍ണ ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര സ്ഥാപനവും ഇന്ത്യയിലെ സപ്ലെ ചെയിന്‍ സേവന കമ്പനിയുമായ ഡല്‍ഹിവറി ബംഗളൂരു ആസ്ഥാനമായ സ്പോട്ടന്‍ ലോജിസ്റ്റികിനെ ഏറ്റെടുക്കുന്നു. ബിസിനസ് ടു ബിസിനസ് മേഖലയിലെ ഡല്‍ഹിവറിയുടെ നിലവിലെ ശേഷി കൂടുതല്‍ ശക്തമാക്കുന്നതാണ് ഈ നീക്കം.

തങ്ങളുടെ ഓരോ ബിസിനസ് രംഗത്തും വളര്‍ച്ച ലക്ഷ്യമാക്കുന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഡല്‍ഹിവറി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സഹില്‍ ബറുവ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്തിലേറെ വര്‍ഷങ്ങളായി ബി2സി ലോജിസ്റ്റിക് രംഗത്ത് ഡല്‍ഹിവറി മുന്‍നിര സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

തങ്ങളുടെ ട്രക്ക്ലോഡ് ബിസിനസിനെ സ്പോട്ടനുമായി സംയോജിപ്പിക്കാനുള്ള ഇപ്പോഴത്തെ നീക്കം ബി2ബി രംഗത്തും ഇതേ സ്ഥാനം ഉറപ്പിക്കാനുള്ള പാതയിലേക്കു നയിക്കും. ഡല്‍ഹിവറിയുടേയും സ്പോട്ടന്റേയും ഉപഭോക്താക്കള്‍ക്ക് ബി2സി, ബി2ബി എക്സ്പ്രസ് ബിസിനസ് രംഗങ്ങളില്‍ നല്‍കുന്ന സേവനങ്ങള്‍ സംയോജിപ്പിക്കുന്നത് കൂടുതല്‍ നേട്ടങ്ങള്‍ നല്‍കാന്‍ സഹായിക്കുമെന്നതും തങ്ങളുടെ സമ്പൂര്‍ണ സപ്ലെ ചെയിന്‍ ശേഷി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളര്‍ച്ചയിലേക്കും മൂല്യ സൃഷ്ടിയിലേക്കുമുള്ള ഡല്‍ഹിവറിയുടെ യാത്രയില്‍ പങ്കാളിയാകാന്‍ സാധിക്കുന്നതില്‍ താനും സ്പോട്ടന്‍ സംഘവും ആഹ്ലാദഭരിതരാണെന്ന് സ്പോട്ടന്‍ ലോജിസ്റ്റിക് മാനേജിങ് ഡയറക്ടര്‍ അഭിക് മിത്ര പറഞ്ഞു. വളരെ കുറഞ്ഞ കാലയളവില്‍ തന്നെ ഇന്ത്യയിലെ മുന്‍നിര സമ്പൂര്‍ണ ലോജിസ്റ്റിക് സ്ഥാപനവും സപ്ലെ ചെയിന്‍ സേവന സ്ഥാപനവുമായി മാറും വിധം മികച്ച പ്രവര്‍ത്തനമാണ് ഡല്‍ഹിവറി സംഘം നടത്തിയത്.

ഉപഭോക്തൃ ബന്ധം, സേവന നിലവാരം, പ്രൊഫഷണല്‍ മാനേജുമെന്റ്, സാങ്കേതികവിദ്യ, എഞ്ചിനീയറിങ് എന്നിവയില്‍ സ്പോട്ടന്‍ പതിപ്പിക്കുന്ന ശ്രദ്ധ ഏറെ പേരു കേട്ടതാണ്. ഡല്‍ഹിവറിയുമായി ഈ മൂല്യങ്ങള്‍ പങ്കുവെക്കുന്നത് ഇന്ത്യയിലെ മുന്‍നിര ലോജിസ്റ്റിക് കമ്പനിയായി ഉയരുവാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഇടപാടിന്റെ ഭാഗമായി 2018-ല്‍ ഐഇപിയില്‍ നിന്ന് സ്പോട്ടനെ ഏറ്റെടുത്ത സമാറ ക്യാപിറ്റലും എക്സ്പോണന്റിയയും പൂര്‍ണമായും പിന്‍വാങ്ങും.

ഈ ഇടപാടില്‍ ഡല്‍ഹിവറിയുടെ നിയമോപദേഷ്ടാവായി ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് ആന്റ് കമ്പനിയും സാമ്പത്തിക ഉപദേഷ്ടാക്കളായി കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനിയും പ്രവര്‍ത്തിച്ചു.

 

TAGS: Delhivery |