കൊവിഡ് പ്രതിസന്ധിയും ഖനന അനുമതി നിഷേധവും: ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്സ് നേരിടുന്നത് ഗുരുതര പ്രതിസന്ധി

Posted on: August 13, 2021

തിരുവനന്തപുരം : കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിനൊപ്പം അസംസ്‌കൃത വസ്തുവായ ക്ലേ ഖനനത്തിന് അനുമതി കൂടി ഇല്ലാതായതോടെ ഇംഗ്ലീഷ് ഇന്‍ഡ്യന്‍ ക്ലേയ്സ് നേരിടുന്നത് ഗുരുത പ്രതിസന്ധി. കമ്പനി പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ മാര്‍ക്കറ്റ് ഷെയറിലും ഉത്പന്ന വിപണനത്തിലും ഇടിവുണ്ടായി വന്‍ സാമ്പത്തിക തകര്‍ച്ചയുണ്ടായതായി കമ്പനി അറിയിച്ചു. ഇതോടെ ഭാവിയില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളിലും കമ്പനിക്ക് ആശങ്കയുണ്ട്. നിലവിലെ നിക്ഷേപങ്ങളെല്ലാം ഗുജറാത്തിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കേന്ദ്രീകരിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ തോന്നയ്ക്കലിലെ ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങളും വേളിയിലേതിന് സമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നും കമ്പനി ആശങ്കപ്പെടുന്നു.

പരിമിതമായ രീതിയില്‍ മാത്രം മെയിനിംഗ് നടക്കുന്ന തോന്നയ്ക്കലില്‍ നിന്ന് ലഭിക്കുന്ന ക്ലേ ഉത്പന്ന നിര്‍മാണത്തിന് ആവശ്യമായ ഗുണമേന്മയില്ലാത്തതാണ്. ഗുണനിലവാരവും അളവും വേണ്ടത്രയില്ലാത്തതും കമ്പനിയുടെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി. വിപണിയിടിവ് കൂടിയായതോടെ ആഘാതം ഇരട്ടിയായതായും കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നിര്‍ഭാഗ്യവശാല്‍ ഈ അവസ്ഥ കമ്പനിയെപ്പോലെ തന്നെ തൊഴിലാളികളെയും വളരെയധികം പ്രയാസത്തിലാക്കിയിട്ടുണ്ട്. അവരുടെ അവസ്ഥയില്‍ കമ്പനിക്ക് അഗാധമായ ദുഃഖമുണ്ട്. സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ കമ്പനി ഇതിനോടകം ബന്ധപ്പെട്ടെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ കുറവ് ഗുരുതരമായ വെല്ലുവിളിയായി തുടരുന്നതിനാല്‍ കമ്പനി ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണ്.

രണ്ടുവര്‍ഷമായി തുടര്‍ന്നുവരുന്ന അസംസ്‌കൃത വസ്തുവായ ക്ലേ ലഭിക്കുന്നതിലുള്ള അപര്യാപ്തത കാരണം കമ്പനിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. 2020 ഓഗസ്റ്റ് പത്താം തീയ്യതിയോടെയാണ് കമ്പനിയുടെ കൊച്ചുവേളിയിലെയും തോന്നയ്ക്കലിലെയും ഫാക്ടറികള്‍ അടച്ചു പൂട്ടാന്‍ ഇടയാക്കിയത്. പിന്നീട് നഷ്ടത്തിലാണെങ്കിലും ജീവനക്കാരെക്കരുതി മാത്രമാണ് കമ്പനി ഭാഗികമായി തുറന്നു പ്രവര്‍ത്തിച്ചു വരുന്നത്.

 

TAGS: Eicl |