രഘു റായുടെ ‘തിരുവനന്തപുരം: ആന്‍ ആര്‍ട്ടിസ്റ്റ്‌സ് ഇംപ്രഷന്‍’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Posted on: November 7, 2020

തിരുവനന്തപുരം : വിഖ്യാത ഫോട്ടോഗ്രാഫര്‍ രഘു റായുടെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ‘തിരുവനന്തപുരം: ആന്‍ ആര്‍ട്ടിസ്റ്റ്‌സ് ഇംപ്രഷന്‍’ എന്ന കോഫി ടേബിള്‍ ബുക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കി.

തിരുവനന്തപുരം പൈതൃക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഫോട്ടോഗ്രഫിയുടെ മാസ്മരിക ശക്തികൊണ്ട് ആശ്ചര്യം ജനിപ്പിക്കുന്നതാണ് പുസ്തകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിനോദസഞ്ചാര വകുപ്പിന്റെ പൈതൃക പദ്ധതിക്ക് ഈ പുസ്തകം മുതല്‍ക്കൂട്ടായിരിക്കുമെന്ന് പ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ആഘോഷങ്ങളുടെ നഗരമായ തിരുവനന്തപുരം വലിയൊരനുഭവമാണെന്ന് ശ്രീ. രഘു റായ് പറഞ്ഞു. കേരളത്തെക്കുറിച്ച് ഒരു പുസ്തകം ചെയ്യാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ ചരിത്ര നിര്‍മ്മിതികള്‍ സംരക്ഷിക്കുന്ന പൈതൃക പദ്ധതിയില്‍ തിരുവനന്തപുരം, ആലപ്പുഴ, മുസ്സിരീസ്, തലശ്ശേരി എന്നിവയെയാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് ടൂറിസം സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ് ഐഎഎസ് അറിയിച്ചു.

നൂറ്റാണ്ടുകളുടെ ചരിത്രവും മാനവിക പൈതൃകവും ഉറങ്ങിക്കിടക്കുന്ന തിരുവനന്തപുരത്തെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത രഘു റായുടെ ചിത്രങ്ങള്‍ക്ക് എഴുത്തുകാരി ശ്രീമതി. ലക്ഷ്മി രാജീവാണ് വിവരണം നല്‍കിയിരിക്കുന്നത്. 190 താളുകളിലായി തിരുവനന്തപുരത്തിന്റെ മനുഷ്യജീവിതം വിവരിക്കുന്ന ചിത്രങ്ങള്‍ വേറിട്ട അനുഭവമായി മാറുന്നു. ഇതുവരെ പുറത്തിറങ്ങിയ പുസ്തകങ്ങളിലെല്ലാം പ്രകൃതി ഭംഗിയാണ് നിഴലിച്ചു നിന്നിരുന്നത്. എന്നാല്‍ ഈ പുസ്തകത്തില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യം. അതു കൊണ്ട് തന്നെ ഓരോ താളുകളും ജീവന്റെ തുടിപ്പുകളായി മാറുന്നു.

ശ്രീ.ശശി തരൂര്‍ എംപി, കെടിഡിസി ചെയര്‍മാന്‍ ശ്രീ എം. വിജയകുമാര്‍, ടൂറിസം ഡയറക്ടര്‍ ശ്രീ. പി ബാലകിരണ്‍, എഴുത്തുകാരി ശ്രീമതി. ലക്ഷ്മി രാജിവ്, ആമസോണ്‍ വെസ്റ്റ്‌ലാന്റ് എഡിറ്ററും പബ്ലിഷറുമായ ശ്രീമതി. വി.കെ. കാര്‍ത്തിക തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംസാരിച്ചു.