ദന്ത ചികിത്സയ്ക്കു വെബ്‌സൈറ്റുമായി ഡോക്ടര്‍

Posted on: March 20, 2020

കൊച്ചി : പല്ലുവേദനയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കിലും കോവിഡ് 19 ഭീതിയില്‍ ആശുപത്രിയില്‍ പോകണോ വേണ്ടയോ എന്നു സംശയിച്ചു നില്‍ക്കുന്നവരെ സഹായിക്കാന്‍ ലോക വദനാരോഗ്യ ദിനത്തില്‍ വെബ്‌സൈറ്റുമായി അങ്കമാലി സ്വദേശി ഡോ. സെബി വര്‍ഗീസ്, കൊറോണ വൈറസിനെ ചെറുക്കാന്‍ ചില ദന്ത ചികിത്സകള്‍ നീട്ടി വയ്ക്കണമെന്നാണു ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനും നിര്‍ദേശിച്ചിരിക്കുന്നത്.

വേദനകള്‍, അപകടവുമായി ബന്ധപ്പെട്ട അടിയന്തര സ്വഭാവമുള്ള ചികിത്സകള്‍ എന്നിവ ചെയ്യാം. ഉടന്‍ ദന്ത ചികിത്സ വേണ്ടതുണ്ടോ എന്നു പരിശോധിച്ചു തീരുമാനമെടുക്കാന്‍ www.dentalexperience.in എന്ന വെബ്‌സൈറ്റ് സഹായിക്കും ചോദ്യാവലിക്ക് ഉത്തരം നല്‍കിയാല്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും. വിഡിയോ കണ്‍സള്‍ട്ടേഷനു വാട്‌സാപ് കോളുകളും ഉപയോഗിക്കും. രോഗികള്‍ കൂട്ടം കൂടി ക്ലിനിക്കുകള്‍ക്കു മുന്‍പിലിരിക്കുന്നത് ഒഴിവാക്കാനും ഇതു സഹായിക്കും. അടിയന്തര ഘട്ടത്തില്‍ സ്വയം ചികിത്സ ഒഴിവാക്കുക, പൂര്‍ണ അറിവോടെ തീരുമാനമെടുക്കുക, ദന്തരോഗികളുടെ അവകാശം സംരക്ഷിക്കുക എന്നിവയാണ് ഈ സംരംഭം കൊണ്ടു ലക്ഷ്യമിടുന്നതെന്നു ഡോ. സെബി പറഞ്ഞു.

ദന്ത ഡോക്ടര്‍മാരുടെ സുരക്ഷയും ഇത് ഉറപ്പാക്കും. ദന്ത ചികിത്സയില്‍ വെള്ളവും വായുമര്‍ദവും ഉപയോഗിക്കുമ്പോള്‍ രൂപപ്പെടുന്ന ജലകണികകള്‍ രോഗ സാധ്യത ഇരട്ടിയാക്കുമെന്നതിനാല്‍ പുതിയ സംവിധാനം അത്തരം ഭീഷണികള്‍ ഒഴിവാക്കും. കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.