ഇന്‍ഫോപാര്‍ക്കില്‍ ടെക് ടോക്ക് മത്സരം

Posted on: February 14, 2020

കൊച്ചി : ടെക്കികള്‍ക്കു വേണ്ടിയാകുമ്പോള്‍ എന്തിനും ഒരു ഐ. ടി. ടച്ച് വേണമല്ലോ. അതിനാല്‍ കൊച്ചിയിലെ ടെക്കികള്‍ക്കായി ടെക് ടെക്ക് എന്ന പേരില്‍ ടിക് ടോക് മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ഇന്‍ഫോപാര്‍ക്കിലെ ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ആര്‍ക്കും പങ്കെടുക്കാം.

കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് സംഘാടകരിലൊരാളായ കെ. ആര്‍. ദീപ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കിട്ടിയ മികച്ച പ്രതികരണമാണ് ഈ വര്‍ഷവും ടെക് ടോക് മത്സരം നടത്താന്‍ പ്രേരണയായത്, നൂറു പേരാണ് കഴിഞ്ഞ വര്‍ഷം പങ്കെടുത്തത്.
ബുധനാഴ്ചയാണ് ഇത്തവണത്തെ മത്സരത്തിന്റെ അറിയിപ്പ് പുറത്തുവിട്ടത്. ഇതിനകം 15 പേര്‍ വീഡിയോ അയച്ചു.

മാര്‍ച്ച് മൂന്നുവരെ വീഡിയോ അയയ്ക്കാം. വീഡിയോ ദൈര്‍ഘ്യം 13 സെക്കന്‍ഡ് മുതല്‍ രണ്ട് മിനിറ്റ് വരെയാകാം. പ്രതിധ്വനിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്നവയ്ക്ക് സമ്മാനമുണ്ട്. വിധികര്‍ത്താക്കള്‍ തിരഞ്ഞെടുക്കുന്ന ഒരു വീഡിയോയ്ക്കും സമ്മാനം കിട്ടും.