ആമസോൺ കണക്ട് ഇന്ത്യയുമായി ധാരണയിൽ

Posted on: June 9, 2016

Amazon-India-Big

കൊച്ചി : പ്രൊജക്ട് ഉഡാൻ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആമസോൺ ലോജിസ്റ്റിക്ക് സേവനദാതാക്കളായ കണക്ട് ഇന്ത്യയുമായി ധാരണയിലെത്തി. കണക്ട് ഇന്ത്യ സെന്റേഴ്‌സ് (സിഐസി) എന്ന പേരിൽ പ്രവർത്തനമാരംഭിക്കുന്ന ഈ സേവനം തുടക്കത്തിൽ ഗ്രാമീണ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയും ഉപഭോക്താക്കളെ ഉത്പന്നങ്ങൾ വാങ്ങുന്നതിൽ സഹായിക്കുകയും ചെയ്യും.

സിഐസി ആദ്യം അവതരിപ്പിക്കുന്നത് പഞ്ചാബിലാണ് പിന്നീട് രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലേക്കും ആമസോൺ ഇത് വ്യാപിപ്പിക്കും. പ്രൊജക്ട് ഉഡാനിലൂടെ ആമസോൺ ഇന്ത്യയിലുടനീളമുള്ള പലചരക്കു കടകളിലും, മെഡിക്കൽ സ്റ്റോറുകളിലും, മൊബൈൽ ഷോറൂമുകളിലും ഓഫ്‌ലൈൻ അസോസിയേറ്റുകളെ നിയമിക്കും. സ്‌റ്റോർ ഉടമകൾക്ക് ഒരു കംപ്യൂട്ടറും പ്രത്യേക വെബ്‌സൈറ്റും കൂടി നൽകും. ആമസോണിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുവാൻ അവർ ഉപഭോക്താക്കളെ സഹായിക്കും. ഇതു വഴി സ്റ്റോർ ഉടമയ്ക്ക് ആമസോണിൽ നിന്ന് ഒരു നിശ്ചിത കമ്മീഷൻ ലഭിക്കും.

കണക്ട് ഇന്ത്യ സേവനം വഴിയോ ആമസോൺ നേരിട്ടോ ഉത്പന്നം യഥാസ്ഥാനത്തെത്തിക്കുന്നു. ഉപഭോക്താവിന്റെ കൈയിൽ ഉൽപ്പന്നം എത്തിയതിന് ശേഷം മാത്രം പണം നൽകിയാൽ മതി എന്നുള്ളതും ഈ സേവനത്തിന്റെ പ്രത്യേകതയാണ്.