ഇ-മെയിൽ ഗിഫ്റ്റ് കാർഡുകളുമായി ആമസോൺ ഇന്ത്യ

Posted on: December 17, 2015

Amazon-big

കൊച്ചി : പതിനഞ്ചിൽ പരം പ്രമുഖ ബ്രാൻഡുകളുടെ ഇ-മെയിൽ ഗിഫ്റ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് ഇനി മുതൽ ആമസോൺ ഇന്ത്യയിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം. ഫാഷൻ, സ്പാ, ട്രാവൽ, എന്റർടെയ്ൻമെന്റ് എന്നീ വ്യത്യസ്തങ്ങളായ വിഭാഗങ്ങളിൽ 500 മുതൽ 10,000 രൂപ വരെ വിലയുള്ള ഇ-മെയിൽ ഗിഫ്റ്റ് കാർഡുകളാണ് ആമസോൺ ഡോട്ട് ഇൻ ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. ഷോപ്പേഴ്‌സ് സ്റ്റോപ്പ്, വെസ്റ്റ് സൈഡ്, പാന്റലൂൺസ്്, ലിവൈസ്, അലൻ സോളി, അരവിന്ദ്, സീലിയോ, ഹേലീയോസ്, വാൻ ഹുസൈൻ, ക്ലിയർട്രിപ്പ്, മേക്ക്‌മൈട്രിപ്പ്, പിവിആർ സിനിമാസ്, പിവിആർ ബ്ലൂ, പിഎൻ റാവു, ലാക്‌മേ സലൂൺ എന്നീ പ്രമുഖ ബ്രാൻഡുകളാണ് ഇ-മെയിൽ ഗിഫ്റ്റ് കാർഡുകളുടെ പ്രാരംഭഘട്ടത്തിൽ ആമസോൺ ഇന്ത്യയുമായി സഹകരിക്കുന്നത്.

റസ്‌റ്റോറന്റുകൾ, ഇലക്ട്രോണിക്ക് ഉത്പന്നങ്ങൾ, ഫിറ്റ്‌നെസ്, പലവ്യഞ്ജനങ്ങൾ, ഹോം ഫർണിഷിംഗ്, എന്നീ വിഭാഗങ്ങളിൽ ആമസോൺ ഇന്ത്യ ഇ-മെയിൽ ഗിഫ്റ്റ് കാർഡുകൾ രണ്ടാം ഘട്ടത്തിൽ അവതരിപ്പിക്കും. ക്വിക്ക്‌ക്ലെവർ ഗിഫ്റ്റ് കാർഡ് ടെക്‌നോളജി പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെയാണ് ആമസോൺ ഇന്ത്യ ഓൺലൈനിലും ഓഫ്‌ലൈനിലും ഉപയോഗിക്കാൻ കഴിയുന്ന ഇൻസ്റ്റെന്റ് ഡെലിവറി ഇ-മെയിൽ ഗിഫ്റ്റ് കാർഡുകൾ അവതരിപ്പിക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും നെറ്റ് ബാങ്കിംഗ് വഴിയും ഉപയോക്താക്കൾക്ക് ആമസോൺ ഡോട്ട് ഇന്നിൽ നിന്ന് ബ്രാൻഡഡ് ഇ-മെയിൽ ഗിഫ്റ്റ് കാർഡുകൾ വാങ്ങാവുന്നതാണ്.

TAGS: Amazon |